അഹമ്മദാബാദ്: ഇന്ത്യയുടെ നഷ്ടപ്പെട്ട സ്ഥാനം തിരിച്ചുപിടിക്കാനുള്ള സമയമാണ് അടുത്ത അഞ്ചുവർഷമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ഗംഭീരവിജയത്തിനുശേഷം ‍ഞായറാഴ്ച ജന്മനാടായ അഹമ്മദാബാദിൽ കൂറ്റൻ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സൂറത്തിലെ ട്യൂഷൻ സെന്ററിലെ തീപ്പിടിത്തത്തിൽ മരിച്ച 22 വിദ്യാർഥികൾക്ക്‌ ആദരമർപ്പിച്ചാണ് അദ്ദേഹം പ്രസംഗമാരംഭിച്ചത്. അടുത്ത അഞ്ചുവർഷങ്ങൾ, 1942 മുതൽ 1947 വരെയുള്ള കാലഘട്ടംപോലെ രാജ്യത്തിന്റെ ചരിത്രത്തിന്‌ വളരെ പ്രധാനപ്പെട്ടതാണെന്ന് അദ്ദേഹം പറഞ്ഞു.

“എന്നെ വളർത്തിയ ഇടത്തേക്ക് ഞാൻ തിരികെ വന്നിരിക്കുകയാണ്. സാധാരണ ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനാണ് അഞ്ചുവർഷങ്ങൾ ഉപയോഗിച്ചത്. ഇത്തരത്തിലൊരു ജനവിധി ചരിത്രപരമാണ്. തങ്ങൾക്ക് ശക്തമായ ഒരു സർക്കാർ ആവശ്യമാണെന്ന് ജനങ്ങൾ തീരുമാനിച്ചിരിക്കുന്നു. ജനവിധി വലിയ ഉത്തരവാദിത്വമാണ് ഏൽപ്പിച്ചിരിക്കുന്നത്. വലിയ വിജയത്തിന്റെ പശ്ചാത്തലത്തിൽ എളിമയോടും വിനയത്തോടുംകൂടി നിലകൊള്ളേണ്ടത് പ്രധാനമാണ്” -അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പുപ്രചാരണത്തിന്റെ ആദ്യ മൂന്നുദിവസങ്ങൾക്കുശേഷം ബി.ജെ.പി.യോ എൻ.ഡി.എ.യോ അല്ല തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതെന്ന് എനിക്ക് മനസ്സിലായി. ഇന്ത്യയിലെ ജനങ്ങളാണ് പ്രചാരണത്തിന്റെ മുന്നിൽനിന്നത് -പ്രധാനമന്ത്രി പറഞ്ഞു. വിജയത്തിനുശേഷം പ്രധാനമന്ത്രി പങ്കെടുത്ത ആദ്യ റാലിയാണ് അഹമ്മദാബാദിലേത്.

Content Highlights:  India trouble-free, Modi, 2019 Loksabha Elections