ന്യൂയോര്‍ക്ക്: ജനസംഖ്യയെ അടിസ്ഥാനമാക്കി ലോകത്തെ ഏറ്റവും വലിയ നഗരമായി 2028-ല്‍ ഡല്‍ഹി മാറുമെന്ന് ഐക്യരാഷ്ട്രസഭയുടെ ഇക്കണോമിക് ആന്‍ഡ് സോഷ്യല്‍ അഫയേഴ്‌സ് (യു.എന്‍.ഡി.ഇ.എസ്.എ.) വിഭാഗത്തിലെ പോപ്പുലേഷന്‍ ഡിവിഷന്‍ ഡയറക്ടര്‍ ജോണ്‍ വില്‍മോത്ത്.

3.70 കോടി ജനങ്ങളുമായി ടോക്യോയാണ് നിലവില്‍ ഏറ്റവും വലിയ നഗരം. 2.90 കോടിയാണ് ഡല്‍ഹിയിലെ ഇപ്പോഴത്തെ ജനസംഖ്യ. 2028 ആകുമ്പോഴേക്കും ഇത് 3.90 കോടിയായി മാറുമെന്നും ടോക്യോയിലെ ജനസംഖ്യയില്‍ അപ്പോഴും മാറ്റമുണ്ടാകില്ലെന്നും വില്‍മോത്ത് പറഞ്ഞു. ലോക നഗരവത്കരണ കാഴ്ചപ്പാട്-2018 എന്ന വിഷയത്തെ അടിസ്ഥാനമാക്കിയുള്ള റിപ്പോര്‍ട്ട് പ്രകാശനംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനസംഖ്യയുടെ കാര്യത്തില്‍ ഒന്നാമതുള്ള ചൈനയെ ഇന്ത്യ മറികടന്നേക്കുമെന്നും വില്‍മോത്ത് പറഞ്ഞു. ഇന്ത്യയിലെ ജനസംഖ്യ ഇപ്പോള്‍ 132.42 കോടിയും ചൈനയുടേത് 137.87 കോടിയുമാണ് .

2015-ല്‍ യു.എന്നിന്റെ ലോകത്തെ ഏറ്റവും ജനസംഖ്യയേറിയ 30 നഗരങ്ങളുടെ പട്ടികയില്‍ ഇടംനേടിയ മറ്റ് ഇന്ത്യന്‍ നഗരങ്ങളിലെ കണക്കുകള്‍ 2030-ല്‍ പ്രതീക്ഷിക്കുന്നത് ഇങ്ങനെ:

2015-ല്‍ 1.90 കോടി ജനസംഖ്യയായിരുന്ന മുബൈ രണ്ടരക്കോടി ജനങ്ങളുമായി ആറാംസ്ഥാനത്തെത്തും. കൊല്‍ക്കത്തയിലെ ജനസംഖ്യ 1.40 കോടിയില്‍നിന്ന് 1.80 കോടിയാവുമെങ്കിലും നിലവിലെ 13-ാം സ്ഥാനത്തുനിന്നു 16-ാമതാകും. ഒരുകോടി ജനസംഖ്യയുമായി 29-ാംസ്ഥാനത്തുള്ള ബെംഗളൂരു 1.60 കോടിയുമായി 21-ാംസ്ഥാനത്തെത്തും.

ലോകത്തെ മൂന്നാം വലിയ പട്ടണമായി 3.30 കോടി ജനസംഖ്യയുമായി ചൈനീസ് നഗരമായ ഷാങ്ഹായ് തുടരും. 2.80 കോടി ജനസംഖ്യയുമായി ബംഗ്ലാദേശിലെ ധാക്ക നാലാംസ്ഥാനത്തും 2.60 കോടി ജനസംഖ്യയുമായി ഈജിപ്ഷ്യന്‍ നഗരമായ കയ്‌റോ അഞ്ചാംസ്ഥാനത്തുമെത്തും.

ഗ്രാമജനസംഖ്യയില്‍ 8.93 കോടിയുമായി നിലവില്‍ ഒന്നാംസ്ഥാനത്താണ് ഇന്ത്യ. ഇന്ത്യയുടെ ആകെ ജനസംഖ്യയുടെ 59.1 ശതമാനം വരുമിത്.