ന്യൂഡൽഹി: രണ്ട് വാർത്താചാനലുകൾക്കെതിരേയുള്ള കേന്ദ്രനടപടിക്കെതിരേ പ്രതിപക്ഷം. ചാനൽവിലക്കിനായി പറഞ്ഞ കാരണം നിഷ്ഠുരമെന്നും വിലക്കിയത് അതിലും നിഷ്ഠുരമെന്നും മുതിർന്ന കോൺഗ്രസ് നേതാവ് പി. ചിദംബരം പത്രസമ്മേളനത്തിൽ പറഞ്ഞു.
വിലക്കിനുള്ള ഉത്തരവിൽ ആർ.എസ്.എസിനെയും ഡൽഹി പോലീസിനെയും വിമർശിച്ചതും കാരണമായി പറഞ്ഞത് ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു ചിദംബരത്തിന്റെ പ്രതികരണം.
‘‘ബുദ്ധിയുള്ള ഉപദേശകർ ഇപ്പോഴുമുള്ളതിന് നന്ദി. അതിനാലാണ് രാവിലെ 9.30-ഓടെ വിലക്ക് നീക്കിയത്’’ -ചിദംബരം പരിഹസിച്ചു.
ഭയാനകമായ സാഹചര്യം സൃഷ്ടിക്കുകയാണ് മാധ്യമനിരോധനത്തിന്റെ ലക്ഷ്യമെന്ന് സി.പി.എം. പൊളിറ്റ്ബ്യൂറോ അംഗം എം.എ. ബേബി പറഞ്ഞു. വിമർശിക്കപ്പെടേണ്ട കുറ്റം ഡൽഹി പോലീസും ആർ.എസ്.എസും ചെയ്തിട്ടില്ലെന്നാണ് നിരോധന ഉത്തരവിലൂടെ പറഞ്ഞുവെക്കുന്നതെന്ന് ബേബി ചൂണ്ടിക്കാട്ടി. ഡൽഹിയിൽ കേരള പത്രപ്രവർത്തക യൂണിയന്റെ നേതൃത്വത്തിൽ ജന്തർമന്തറിലെ കേരള ഹൗസ് പരിസരത്തുനിന്ന് പാർലമെന്റ് സ്ട്രീറ്റിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
സർക്കാർ ജനങ്ങളെ വിഡ്ഢികളാക്കാൻ ശ്രമിക്കുകയാണെന്ന് സി.പി.ഐ. ദേശീയസെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. “മന്ത്രിമാരായ പ്രകാശ് ജാവഡേക്കറും വി. മുരളീധരനും പരസ്പരവിരുദ്ധമായാണ് സംസാരിക്കുന്നത്. പ്രധാനമന്ത്രി ഇടപെട്ടതിനെത്തുടർന്നാണ് വിലക്ക് നീക്കിയതെന്നാണ് ജാവഡേക്കർ പറയുന്നത്. ഏഷ്യാനെറ്റ് മാപ്പുപറഞ്ഞുവെന്നാണ് മുരളീധരന്റെ വാദം. മോദിയെ ഇരുട്ടിൽനിർത്തി മാധ്യമമാരണത്തിന് നിർദേശം കൊടുക്കാൻമാത്രം ശക്തിയുള്ള പുതിയ അധികാരകേന്ദ്രം ഉയർന്നുവന്നുവോ?” - ബിനോയ് വിശ്വം ചോദിച്ചു.
Content Highlights: News Channels Congress