ന്യൂഡൽഹി: പരസ്യവരുമാനം പത്രങ്ങളുമായി അർഹമായ രീതിയിൽ പങ്കുവെക്കണമെന്ന് ഇന്ത്യൻ ന്യൂസ്‌പേപ്പർ സൊസൈറ്റി ഗൂഗിളിനോട് ആവശ്യപ്പെട്ടതിന് പിന്നാലെ ഇതേ ആവശ്യവുമായി ടെലിവിഷൻ ചാനലുകളുടെ കൂട്ടായ്മ ന്യൂസ് ബ്രോഡ്കാസ്റ്റേഴ്‌സ് അസോസിയേഷനും. ജനങ്ങൾ വാർത്തകൾക്കും മറ്റുമായി ഗൂഗിൾ, യുട്യൂബ്, ഫെയ്‌സ്ബുക്ക് പോലുള്ള ടെക്‌നോളജി പ്ലാറ്റ്‌ഫോമുകളെ ആശ്രയിക്കുന്ന കാലത്ത് പരമ്പരാഗത മാധ്യമ, വാർത്താസ്ഥാപനങ്ങൾ പ്രയാസത്തിലാണെന്ന് എൻ.ബി.എ. അധ്യക്ഷൻ രജത് ശർമ ഗൂഗിളിനയച്ച കത്തിൽ ചൂണ്ടിക്കാട്ടി.

പരസ്യവരുമാനത്തിന്റെ വലിയൊരു പങ്ക് ഡിജിറ്റൽ ടെക്‌നോളജി ഭീമൻമാർക്കാണ് ലഭിക്കുന്നത്. ടി.വി.ചാനലുകൾക്ക് ഈ വകയിലുണ്ടാവുന്ന നഷ്ടം നികത്തപ്പെടേണ്ടതാണ്. വാർത്താശേഖരണം, സംപ്രേഷണം തുടങ്ങിയവയ്ക്കായി വാർത്താചാനലുകൾ വലിയതുക ചെലവഴിക്കുന്നുണ്ട്. വാർത്തകളുടെ ഉടമകൾക്ക് അർഹമായ പ്രതിഫലം നൽകാതെയാണ് ടെക്‌നോളജി ഭീമന്മാരുടെ പ്ലാറ്റ്‌ഫോമുകളിലൂടെ അത് വിതരണം ചെയ്യുന്നത്. ഇതിൽ ഗൂഗിൾ ആണ് ഇടനിലക്കാരായി പ്രധാന പങ്കുവഹിക്കുന്നതെന്ന് ന്യൂസ് ബ്രോഡ്കാസ്റ്റേഴ്‌സ് അസോസിയേഷൻ പറഞ്ഞു.