ന്യൂഡല്‍ഹി: സൗമ്യാകേസ് പ്രതി ഗോവിന്ദച്ചാമിക്കെതിരായ കൊലക്കുറ്റം റദ്ദാക്കിയ വിധിയുടെ പശ്ചാത്തലത്തില്‍ ജഡ്ജിമാര്‍ക്കെതിരെ അപകീര്‍ത്തികരമായ ബ്ലോഗ് എഴുതിയ മുന്‍ ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജുവിനെതിരായ കോടതിയലക്ഷ്യനടപടികള്‍ സുപ്രീംകോടതി അവസാനിപ്പിച്ചു. കട്ജുവിന്റെ നിരുപാധികമാപ്പ് സ്വീകരിച്ചാണ് ജഡ്ജിമാരായ രഞ്ജന്‍ ഗോഗോയി, പി.സി. പന്ത്, യു.യു. ലളിത് എന്നിവരടങ്ങിയ ബെഞ്ച് നടപടികള്‍ അവസാനിപ്പിച്ചത്.
 
കട്ജുവിന് സുപ്രീംകോടതി നേരത്തെ കോടതിയലക്ഷ്യത്തിനുള്ള കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിരുന്നു. ബ്ലോഗിലെ വിവാദലേഖനങ്ങള്‍ നീക്കംചെയ്തതായും കോടതിയോടും ജഡ്ജിമാരോടും ബഹുമാനമുണ്ടെന്നും കട്ജുവിനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ രാജീവ് ധവാന്‍ അറിയിച്ചു. ഇതേത്തുടര്‍ന്നാണ് കോടതി നടപടികള്‍ അവസാനിപ്പിച്ചത്.

സൗമ്യാവധക്കേസില്‍ ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയ ജസ്റ്റിസ് ഗോഗോയി അധ്യക്ഷനായ ബെഞ്ചിന്റെ നടപടി തെറ്റാണെന്ന് കട്ജു പറഞ്ഞിരുന്നു. തുടര്‍ന്ന് ചീഫ് ജസ്റ്റിസ് ടി.എസ്. ഠാക്കൂര്‍ ഉള്‍പ്പെടെ ഏഴ് ജഡ്ജിമാരെ വ്യക്തിപരമായി അധിക്ഷേപിച്ചുകൊണ്ട് ബ്ലോഗെഴുതുകയും ചെയ്തു.
 
തുടര്‍ന്ന് സൗമ്യാകേസില്‍ തന്റെവാദം നിരത്താന്‍ സുപ്രീംകോടതി ആവശ്യപ്പെട്ടപ്രകാരം ഹാജരായ കട്ജുവിന് ബ്ലോഗിന്റെകാര്യം ചൂണ്ടിക്കാട്ടി കാരണംകാണിക്കല്‍ നോട്ടീസ് അയച്ചു. കേസുമായി മുന്നോട്ടുപോകുമെന്ന് കട്ജു ആദ്യം പ്രതികരിച്ചിരുന്നെങ്കിലും വിവാദലേഖനങ്ങളും പോസ്റ്റുകളും പിന്നീട് നീക്കംചെയ്തു.