ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളിലെ കരാര്‍ ജോലിക്കാര്‍ക്കു സംവരണം നടപ്പാക്കണമെന്ന് കേന്ദ്ര സാമൂഹികനീതി-ശാക്തീകരണ മന്ത്രാലയം ആവശ്യപ്പെട്ടു. പട്ടികജാതി, പട്ടികവര്‍ഗം, പിന്നാക്കവിഭാഗ സംവരണം പാലിച്ച് കരാര്‍ ജീവനക്കാരെയും പാര്‍ട്-ടൈം ജോലിക്കാരെയും നിയമിക്കണമെന്നാണ് മന്ത്രാലയത്തിന്റെ ശുപാര്‍ശ.

ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്ര സാമൂഹികനീതി-ശാക്തീകരണ മന്ത്രി തവര്‍ചന്ദ് ഗഹ്ലോത് കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയത്തിന്റെ ചുമതലയുള്ള മന്ത്രി ജിതേന്ദ്ര സിങ്ങിനു കത്തയച്ചു. പുറംജോലിക്കരാറില്‍ തൊഴിലെടുക്കുന്നവര്‍ക്കും ഭരണഘടനാവ്യവസ്ഥയനുസരിച്ചുള്ള സംവരണം ഉറപ്പാക്കണമെന്നും ഗഹ്ലോത് ആവശ്യപ്പെട്ടു.

സ്ഥിരമല്ലാത്ത കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ജോലികളില്‍ സംവരണം നിര്‍ബന്ധമായും പാലിച്ചിരിക്കണം. ദളിതര്‍ക്കും ആദിവാസികള്‍ക്കും വേണ്ടി കേന്ദ്രസര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്ന പ്രതിപക്ഷ വിമര്‍ശനം കണക്കിലെടുത്തു കൂടിയാണ് കേന്ദ്രസര്‍ക്കാരിന്റെ ഈ നീക്കം.

കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ഭൂരിപക്ഷം ജോലികളും ഇപ്പോള്‍ കരാര്‍ വ്യവസ്ഥയിലാണ്. മൂന്നിലൊന്നു ജോലികളും കരാര്‍ത്തൊഴിലാണ്. പിന്നാക്കവിഭാഗക്കാരെ മാറ്റിനിര്‍ത്തുന്നത് തിരിച്ചടിയാവുമെന്ന തിരിച്ചറിവിലാണ് ഇപ്പോഴത്തെ നീക്കമെന്ന് അറിയുന്നു. ഇപ്പോഴുള്ള കരാര്‍ ജോലികളിലും പാര്‍ട്ട്-ടൈം ജോലികളിലുമൊക്കെ പട്ടികജാതി, പട്ടികവര്‍ഗം, പിന്നാക്ക വിഭാഗക്കാരും വളരെക്കുറവാണെന്നു ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി തവര്‍ചന്ദ് ഗെഹ്ലോത് കത്തില്‍ ചൂണ്ടിക്കാട്ടുകയും ചെയ്തു.

തിരഞ്ഞെടുപ്പു തട്ടിപ്പെന്ന് സി.ഐ.ടി.യു.

ന്യൂഡല്‍ഹി:
കര്‍ണാടക തിരഞ്ഞെടുപ്പു മുന്നില്‍ക്കണ്ടുള്ള കണ്ണില്‍പ്പൊടിയിടലാണ് കരാര്‍ ജീവനക്കാര്‍ക്കു സംവരണം ഏര്‍പ്പെടുത്തണമെന്ന കേന്ദ്രസര്‍ക്കാര്‍ ആവശ്യമെന്നു സി.ഐ.ടി.യു. ജനറല്‍ സെക്രട്ടറി തപന്‍ സെന്‍ 'മാതൃഭൂമി'യോടു പ്രതികരിച്ചു. വിഷയത്തില്‍ ആത്മാര്‍ഥതയുണ്ടെങ്കില്‍ മന്ത്രാലയത്തിനു കത്തെഴുതുകയല്ല, നിയമനിര്‍മാണത്തിനുള്ള നടപടിക്രമങ്ങള്‍ പാലിച്ചു മുന്നോട്ടുപോവുകയാണ് വേണ്ടത്. പദ്ധതിനിര്‍ദേശം തയ്യാറാക്കി കേന്ദ്രമന്ത്രിസഭ പരിഗണിച്ചു നിയമനിര്‍മാണത്തിന് നടപടിയെടുക്കണം. അതിനൊന്നും മന്ത്രാലയം മുന്‍കൈയെടുത്തതായി അറിവില്ലെന്നും അതുകൊണ്ടു തന്നെ കര്‍ണാടക തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള വ്യാജവാഗ്ദാനമാണിതെന്നും തപന്‍ സെന്‍ പറഞ്ഞു.

സി.ഐ.ടി.യു.വും മറ്റും വര്‍ഷങ്ങളായി ഈയാവശ്യമുന്നയിക്കുന്നു. എന്നാല്‍, അപ്പോഴൊക്കെ എതിര്‍ത്തു മാത്രമേ കേന്ദ്രസര്‍ക്കാര്‍ മറുപടി നല്‍കിയിട്ടുള്ളൂ. പ്രഖ്യാപനങ്ങള്‍ നടത്തുന്നതിനുപകരം, നിയമനിര്‍മാണത്തിനു നടപടിയെടുക്കണം. അതു ചെയ്യാതെയുള്ള ഇപ്പോഴത്തെ നീക്കം ജനങ്ങളെ വഞ്ചിക്കലാണെന്നും തപന്‍സെന്‍ കുറ്റപ്പെടുത്തി.