ന്യൂഡല്‍ഹി: വിദ്യാഭ്യാസം, തൊഴില്‍ മേഖലകളിലെ ജാതിസംവരണത്തിനെതിരേ ഒരുകൂട്ടം സംഘടനകള്‍ ചൊവ്വാഴ്ച ഭാരതബന്ദിന് ആഹ്വാനംചെയ്തിരിക്കുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനങ്ങളോട് മുന്‍കരുതലെടുക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശം. സാമൂഹികമാധ്യങ്ങളിലൂടെയാണ് ബന്ദിന് ആഹ്വാനമുണ്ടായത്.

കഴിഞ്ഞയാഴ്ച ഉത്തരേന്ത്യയില്‍ നടന്ന ഭാരത ബന്ദില്‍ പരക്കേ അക്രമവും ആളപായവും നാശനഷ്ടവുമുണ്ടായ സാഹചര്യത്തിലാണ് ജാഗ്രതാനിര്‍ദേശം.

തങ്ങളുടെ അധികാരപരിധിയില്‍ ക്രമസമാധാനം ഉറപ്പാക്കേണ്ടത് ജില്ലാ മജിസ്‌ട്രേറ്റുകളുടെയും പോലീസ് മേധാവികളുടെയും ഉത്തരവാദിത്വമാണെന്ന് മന്ത്രാലയം ഓര്‍മിപ്പിച്ചു. പ്രശ്‌നബാധിത മേഖലകളില്‍ പട്രോളിങ് ശക്തമാക്കാനും വസ്തുനാശവും ആളപായവും ഇല്ലാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.