ന്യൂഡല്‍ഹി: ദളിത് പ്രക്ഷോഭം രാജ്യവ്യാപകമാകുന്നതിനൊപ്പം പാര്‍ട്ടിയിലും ആശയക്കുഴപ്പമുണ്ടാക്കുന്നത് ബി.ജെ.പി.യെ അലോസരപ്പെടുത്തുന്നു. പട്ടികജാതി-വര്‍ഗ നിയമത്തില്‍ വെള്ളംചേര്‍ക്കാനുള്ള നീക്കത്തില്‍ കേന്ദ്രസര്‍ക്കാരിനു പങ്കില്ലെന്ന് നേതൃത്വം ആവര്‍ത്തിക്കുന്നുണ്ടെങ്കിലും പാര്‍ട്ടിയിലെ ദളിത് നേതാക്കള്‍ അസ്വസ്ഥരാണ്. ഈ സാഹചര്യത്തില്‍ ദളിത് നേതാക്കളെയും എം.പി.മാരെയും വിളിച്ചുചേര്‍ത്ത് കാര്യങ്ങള്‍ ബോധ്യപ്പെടുത്താനുള്ള ശ്രമത്തിലാണ് ബി.ജെ.പി. കേന്ദ്രനേതൃത്വം.

എന്‍.ഡി.എ.യുടെ ഘടകകക്ഷി നേതാക്കളും പ്രശ്‌നത്തില്‍ സര്‍ക്കാരിനെതിരേ തിരിഞ്ഞിട്ടുണ്ട്. തങ്ങള്‍ക്കെതിരാണ് സര്‍ക്കാരെന്ന തോന്നല്‍ ദളിതര്‍ക്കിടയില്‍ വളരുന്നുണ്ടെന്നും ഒരുവര്‍ഷത്തിനിടയില്‍ അതു നീക്കാന്‍ ശ്രമിക്കണമെന്നും കേന്ദ്ര മന്ത്രി രാം വിലാസ് പസ്വാന്‍ കഴിഞ്ഞദിവസം അഭിപ്രായപ്പെട്ടു. സുപ്രീംകോടതി വിധിക്കെതിരേ രോഷമുയര്‍ന്നത് സ്വാഭാവികമാണ്. എന്നാല്‍, പുനഃപരിശോധനാ ഹര്‍ജി ഫയല്‍ ചെയ്യുന്നതില്‍ വീഴ്ചയുണ്ടായിട്ടില്ലെന്ന് പസ്വാന്‍ മാധ്യമങ്ങളോടു പറഞ്ഞു.

ഏപ്രില്‍ രണ്ടിലെ രാജ്യവ്യാപക ബന്ദില്‍ പങ്കെടുത്ത ദളിതരെ പോലീസ് വേട്ടയാടുന്നുവെന്ന് ബി.ജെ.പി.യുടെ നോര്‍ത്ത് ഡല്‍ഹി എം.പി. ഉദിത് രാജ് ഞായറാഴ്ച ആരോപിച്ചിരുന്നു. സമ്മര്‍ദത്തെത്തുടര്‍ന്ന് പ്രസ്താവന പിന്‍വലിച്ചു. ബഹ്‌റായ്ചില്‍ നിന്നുള്ള സാവിത്രിബായി ഫുലെ, റോബര്‍ട്‌സ്ഗഞ്ചില്‍ നിന്നുള്ള ഛോട്ടെ ലാല്‍ ഖര്‍വാര്‍, ഇട്ടാവയില്‍ നിന്നുള്ള അശോക് കുമാര്‍ ദോഹ്രെ, നഗീനയില്‍ നിന്നുള്ള യശ്വന്ത് സിങ് എന്നീ ദളിത് എം.പി.മാരും പരസ്യമായി സര്‍ക്കാരിനെതിരേ രംഗത്തെത്തി. ദളിത് വിഷയങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ച് ഇവര്‍ പ്രധാനമന്ത്രിക്കു കത്തെഴുതി. ഇതോടെയാണ് നേതൃത്വത്തിന്റെ ഇടപെടല്‍ അനിവാര്യമായത്.

പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ തിരിച്ചടിയാകുമെന്ന ആശങ്ക നേതൃത്വത്തിനുണ്ട്. 2014-ലെ തിരഞ്ഞെടുപ്പില്‍ ബ്രാഹ്മണ-ബനിയ വോട്ടുകള്‍ക്കൊപ്പം ദളിത് വോട്ടുകളും ബി.ജെ.പി.ക്കു കാര്യമായി ലഭിച്ചിരുന്നു. കഴിഞ്ഞതിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ഹിന്ദു ആദിവാസി വിഭാഗത്തില്‍ 38.7 ശതമാനവും ഹിന്ദു ദളിത് വിഭാഗത്തില്‍ 24.5 ശതമാനവും വോട്ടു കിട്ടി.

ഉത്തര്‍പ്രദേശില്‍ ബി.എസ്.പി.യുടെയും എസ്.പി.യുടെയും ദളിത് വോട്ട് ബാങ്കുകളെ പിളര്‍ത്തിയാണ് ബി.ജെ.പി. ജയിച്ചത്. ബി.എസ്.പി.യും എസ്.പി.യും കൈകോര്‍ക്കുകയാണെങ്കില്‍ 2019-ലെ തിരഞ്ഞെടുപ്പില്‍ ഈ വോട്ടുകള്‍ ചോരുമെന്നാണ് ബി.ജെ.പി.യുടെ ആശങ്ക.

ഈ സാഹചര്യത്തിലാണ് പാര്‍ട്ടിയിലെ ദളിത് നേതാക്കളുടെയും പ്രവര്‍ത്തകരുടെയും യോഗം വിളിക്കാന്‍ ബി.ജെ.പി. ഒരുങ്ങുന്നത്. അംബേദ്കറുടെ ജന്‍മവാര്‍ഷികത്തോടനുബന്ധിച്ച് വിവിധ പരിപാടികള്‍ ദളിത് മേഖലകളില്‍ സംഘടിപ്പിച്ച് രാഷ്ട്രീയവിശദീകരണം നടത്താന്‍ നേരത്തെ തീരുമാനിച്ചിരുന്നു.