ന്യൂഡല്‍ഹി: 'ഏകാന്തത' ഒഴിവാക്കാന്‍ സൈനികര്‍ക്ക് ഗസ്റ്റ് ഹൗസ് പണിയാനൊരുങ്ങി ബി.എസ്.എഫ്. വിവാഹിതരാകുന്ന സൈനികരെ ലക്ഷ്യംവെച്ച് രാജ്യത്തുടനീളം 192 'ജവാന്‍ ഗസ്റ്റ് ഹൗസുകള്‍' നിര്‍മിക്കണമെന്ന് ബി.എസ്.എഫ്. മുന്നോട്ടുവെച്ച ശുപാര്‍ശ കേന്ദ്ര ആഭ്യന്തരമന്ത്രാലയം അംഗീകരിച്ചു. അതില്‍ 2,800 മുറികളുണ്ടാവും.

30 വര്‍ഷത്തെ സേവനകാലയളവില്‍ ശരാശരി അഞ്ചുവര്‍ഷം മാത്രമാണ് ബി.എസ്.എഫ്. ജവാന്മാര്‍ പങ്കാളികളോടൊപ്പം കഴിയുന്നതെന്ന കണ്ടെത്തലിനെത്തുടര്‍ന്നാണ് ഈ ആശയം ഉയര്‍ന്നുവന്നത്. 186 ബറ്റാലിയനുകളിലും ചില സ്റ്റേഷനുകളിലുമാണ് ഈ സംവിധാനമൊരുക്കുക.

'സേനയുടെ സേവനം ബുദ്ധിമുട്ടേറിയതും ശ്രമകരവുമാണ്. അവര്‍ക്ക് സേനയുടെ ഭാഗമായി ഭൂരിഭാഗം സമയവും ചെലവഴിക്കേണ്ടിവരുന്നു. വര്‍ഷത്തില്‍ ശരാശരി രണ്ടരമാസം മാത്രമാണ് സൈനികന് കുടുംബത്തോടൊപ്പം കഴിയാനാവുക. ഈ സ്ഥിതി മാറ്റാനാണ് ഗസ്റ്റ് ഹൗസ് നിര്‍മിക്കുന്നത്.

പുതുതായി വിവാഹിതരാകുകയും എന്നാല്‍, കുടുംബത്തില്‍നിന്ന് അകന്ന് ഒറ്റയ്ക്കു താമസിക്കുകയും ചെയ്യുന്ന സൈനികര്‍ക്ക് ഗസ്റ്റ് ഹൗസ് അനുവദിക്കുന്നതില്‍ പ്രാമുഖ്യം നല്‍കും. കോണ്‍സ്റ്റബിള്‍, ഹെഡ് കോണ്‍സ്റ്റബിള്‍ റാങ്കിലുള്ളവര്‍ക്ക് ഈ സൗകര്യമുണ്ടാവില്ല. നിശ്ചിതകാലയളവിലേക്കായിരിക്കും പങ്കാളിയോടൊപ്പം കഴിയാനാവുക.'- ബി.എസ്.എഫ്. ഡയറക്ടര്‍ ജനറല്‍ കെ.കെ. ശര്‍മ പറഞ്ഞു.

സേനാംഗങ്ങളുടെ സമ്മര്‍ദം ഒഴിവാക്കാനും അവരില്‍ ലക്ഷ്യബോധം നിലനിര്‍ത്താനുമാണ് ഈ സംവിധാനം. അപ്പാര്‍ട്ട്‌മെന്റുകളില്‍ ആവശ്യത്തിന് സൗകര്യം ഏര്‍പ്പെടുത്തുമെന്നും പങ്കാളിയോടൊപ്പം കുട്ടികളെയും ഗസ്റ്റ് ഹൗസുകളില്‍ കൊണ്ടുവരാമെന്നും മറ്റൊരു ബി.എസ്.എഫ്. ഉദ്യോഗസ്ഥന്‍ അറിയിച്ചു.

ബംഗ്ലാദേശ്, പാകിസ്താന്‍ അതിര്‍ത്തികളില്‍ ജോലിചെയ്യുന്ന സേനാംഗങ്ങള്‍ക്ക് സുരക്ഷാഭീഷണിയില്ലാത്ത സ്ഥലങ്ങളില്‍ താമസസൗകര്യം ഏര്‍പ്പെടുത്തണമെന്ന ആവശ്യവും സര്‍ക്കാരിന് മുന്നില്‍വെച്ചതായി കെ.കെ. ശര്‍മ അറിയിച്ചു.