ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളിവിരുദ്ധ നയങ്ങള്‍ പിന്‍വലിക്കണമെന്ന് സി.ഐ.ടി.യു. ആവശ്യപ്പെട്ടു. ഈമാസം ഒടുവില്‍ ചേരുന്ന ഇന്ത്യന്‍ ലേബര്‍ കോണ്‍ഫറന്‍സ് (ഐ.എല്‍.സി.) ബഹിഷ്‌കരിക്കാന്‍ ബി.എം.എസ്. തീരുമാനിച്ചതിനെക്കുറിച്ച് 'എല്ലാം കാത്തിരുന്നുകാണാം' എന്നും സി.ഐ.ടി.യു. ജനറല്‍ സെക്രട്ടറി തപന്‍സെന്‍ പറഞ്ഞു.
 
നേരത്തേ പതിനൊന്ന് ട്രേഡ് യൂണിയനുകള്‍ ഒറ്റക്കെട്ടായി നടത്തിയ പണിമുടക്കിലും മറ്റു പ്രതിഷേധപരിപാടികളിലും ബി.എം.എസ്. സഹകരിച്ചിരുന്നില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

തൊഴില്‍മേഖലയുമായി ബന്ധപ്പെട്ട ഉച്ചകോടിയെന്ന് വിശേഷിപ്പിക്കുന്ന ഐ.എല്‍.സി.യിലേക്ക് ഐ.എന്‍.ടി.യു.സി.യെ ക്ഷണിക്കാത്തതിനെതിരേ സി.ഐ.ടി.യു. തൊഴില്‍മന്ത്രിക്ക് കത്തയച്ചു. മറ്റെല്ലാ തൊഴിലാളിസംഘടനകളും കേന്ദ്രനടപടിയില്‍ പ്രതിഷേധമറിയിച്ചിട്ടുണ്ട്.
 
ഐ.എന്‍.ടി.യു.സി.യില്‍ രണ്ടുവിഭാഗങ്ങള്‍ തമ്മില്‍ കേസ് നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് കേന്ദ്രതീരുമാനം. കഴിഞ്ഞ കുറെമാസങ്ങളായി ചര്‍ച്ചകളില്‍ ഐ.എന്‍.ടി.യു.സി.യെ പങ്കെടുപ്പിക്കാറില്ല. ഡല്‍ഹിയില്‍ ശ്രമിക് ഭവന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐ.എന്‍.ടി.യു.സി.യെ സമ്മേളനത്തിലേക്ക് ക്ഷണിക്കണമെന്ന് കേന്ദ്രത്തിനയച്ച കത്തില്‍ തപന്‍സെന്‍ ആവശ്യപ്പെട്ടു.