ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രി പി. ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തിന്റെ പേരിലുള്ള കേസില്‍ സി.ബി.ഐ. മുദ്രവെച്ച കവറില്‍ നല്‍കിയ രഹസ്യറിപ്പോര്‍ട്ട് പരിശോധിക്കുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് കേസ് വ്യാഴാഴ്ചത്തേക്കു മാറ്റി.

കാര്‍ത്തിയുടെ ഐ.എന്‍.എക്‌സ്. മീഡിയ എന്ന സ്ഥാപനത്തിന് ചിദംബരം ധനമന്ത്രിയായിരിക്കെ വിദേശ ഫണ്ട് സ്വീകരിക്കാന്‍ എഫ്.ഐ.പി.ബി. (വിദേശ നിക്ഷേപ പ്രോത്സാഹന ബോര്‍ഡ്) അനുമതിനല്‍കിയതിലെ ക്രമക്കേടാണ് അന്വേഷിക്കുന്നത്. 2007-ല്‍ ഐ.എന്‍.എക്‌സ്. മീഡിയ 305 കോടി വിദേശഫണ്ട് സ്വീകരിച്ചതുമായി ബന്ധപ്പെട്ടാണ് കേസ്. മേയ് 15-നാണ് സി.ബി.ഐ. എഫ്.ഐ.ആര്‍. സമര്‍പ്പിച്ചത്.

മുദ്രവെച്ച കവറില്‍ സമര്‍പ്പിച്ച വിവരങ്ങള്‍ പരിശോധിക്കുംമുമ്പ് കോടതി ഇതുസംബന്ധിച്ച് അഭിപ്രായരൂപവത്കരണം നടത്തരുതെന്ന് സി.ബി.ഐ.ക്കുവേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞു.

പാസ്‌പോര്‍ട്ട് പിടിച്ചെടുത്തതു കാരണം, ഈമാസം പത്തിന് യു.കെ. സര്‍വകലാശാലയില്‍ പ്രഭാഷണം നടത്താന്‍ കാര്‍ത്തി ചിദംബരത്തിന് പോകാനാവില്ലെന്ന് അദ്ദേഹത്തിനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ പറഞ്ഞു. എന്നാല്‍, അന്വേഷണം നടന്നുകൊണ്ടിരിക്കെ കാര്‍ത്തിയെ വിദേശത്തുപോകാന്‍ അനുവദിക്കരുതെന്ന് തുഷാര്‍ മേത്ത ആവശ്യപ്പെട്ടു.

മാധ്യമറിപ്പോര്‍ട്ടുകള്‍ തെളിവായെടുക്കാന്‍മാത്രം നിരുത്തരവാദിത്വം സി.ബി.ഐ.ക്കില്ലെന്ന് തുഷാര്‍ മേത്ത പറഞ്ഞു. ഐ.എന്‍.എക്‌സ്. മീഡിയയ്ക്ക് ഇന്ദ്രാണി മുഖര്‍ജി, പീറ്റര്‍ മുഖര്‍ജി, അഡ്വാന്റേജ് സ്ട്രാറ്റജിക് കണ്‍സള്‍ട്ടിങ് കമ്പനി എന്നിവവഴി പണം ലഭിച്ചതിന് തെളിവുണ്ടെന്നും സി.ബി.ഐ. വ്യക്തമാക്കി.