ന്യൂഡല്‍ഹി: കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളുന്ന സംസ്ഥാനങ്ങള്‍ അത് സ്വന്തം ഖജനാവില്‍ നിന്ന് ചെയ്യണമെന്ന് കേന്ദ്രസര്‍ക്കാര്‍. കടം എഴുതിത്തള്ളുന്നതുമൂലം സംസ്ഥാനങ്ങള്‍ക്കുണ്ടാകുന്ന നഷ്ടം നികത്താന്‍ കേന്ദ്രം തയ്യാറാകില്ലെന്ന വ്യക്തമായ സൂചന നല്‍കി കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

മധ്യപ്രദേശിലുള്‍പ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അടുത്തിടെ ആരംഭിച്ച കര്‍ഷക പ്രക്ഷോഭത്തിന്റെയും കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളുമെന്ന മഹാരാഷ്ട്രാ സര്‍ക്കാര്‍ ഞായറാഴ്ച നടത്തിയ പ്രഖ്യാപനത്തിന്റെയും പശ്ചാത്തലത്തില്‍ ധനമന്ത്രിയുടെ നിലപാടിന് ഏറെ പ്രാധാന്യമുണ്ട്. ഉത്തര്‍പ്രദേശ് സര്‍ക്കാരാണ് നടപ്പുവര്‍ഷം ആദ്യമായി കാര്‍ഷിക വായ്പ എഴുതിത്തള്ളുന്നതായി പ്രഖ്യാപിച്ചത്. ചെറുകിട- ഇടത്തരം കര്‍ഷകരുടെ 36,359 കോടിയുടെ വായ്പയാണ് ബി.ജെ.പി.ഭരിക്കുന്ന ഉത്തര്‍പ്രദേശ് എഴുതിത്തള്ളിയത്.

കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളുമെന്ന മഹാരാഷ്ട്രാ സര്‍ക്കാരിന്റെ പ്രഖ്യാപനത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി കേന്ദ്രനിലപാട് വ്യക്തമാക്കിയത്. ഇതില്‍ക്കൂടുതല്‍ കേന്ദ്രസര്‍ക്കാരിന് ഇക്കാര്യത്തില്‍ ഒന്നും തന്നെ പറയാനില്ല. ഈ നിലപാട് താന്‍ നേരത്തേ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്- മന്ത്രി പറഞ്ഞു.

മഹാരാഷ്ട്രയും ബി.ജെ.പി. ഭരിക്കുന്ന സംസ്ഥാനമാണ്. കര്‍ഷക പ്രക്ഷോഭം അവസാനിപ്പിക്കുന്നതിനായുള്ള ചര്‍ച്ചകളുടെ ഭാഗമായാണ് വായ്പ എഴുതിത്തള്ളുമെന്ന മഹാരാഷ്ട്രാ സര്‍ക്കാരിന്റെ പ്രഖ്യാപനം.

ഇക്കുറി കാര്‍ഷികോത്പാദനത്തില്‍ വര്‍ധനയുണ്ടായെങ്കിലും ആഭ്യന്തര-അന്താരാഷ്ട്ര വിപണികളില്‍ കുത്തനെയുണ്ടായ വിലയിടിവിന്റെ പശ്ചാത്തലത്തില്‍ പല സംസ്ഥാനങ്ങളിലും കര്‍ഷകര്‍ ബുദ്ധിമുട്ട് നേരിടുകയാണ്. രാജ്യത്തിന്റെ പല ഭാഗത്തും കര്‍ഷക പ്രക്ഷോഭങ്ങള്‍ക്ക് ഇത് കാരണമാകുന്നുണ്ട്.

ഇത്തരം സൗജന്യം സംസ്ഥാനങ്ങള്‍ തുടര്‍ന്നും പ്രഖ്യാപിച്ചാല്‍ രാജ്യത്ത് സാമ്പത്തിക സ്ഥിതിയെ അത് ദോഷകരമായി ബാധിക്കുമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍ നേരത്തേ മുന്നറിയിപ്പ് നല്‍കിയിരുന്നു. റിസര്‍വ് ബാങ്ക് കഴിഞ്ഞയാഴ്ച പുറത്തുവിട്ട ധനകാര്യ നയ അവലോകനത്തിലും ഇക്കാര്യം അറിയിച്ചിരുന്നു.