ന്യൂഡല്‍ഹി: ഹോട്ടലുകളിലെ ഭക്ഷണത്തിന് അളവ് നിശ്ചയിക്കണമെന്ന് കേന്ദ്ര ഭക്ഷ്യമന്ത്രി രാംവിലാസ് പാസ്വാന്‍. ആഹാരം പാഴാക്കുന്നത് തടയാനാണ് പുതിയ നിര്‍ദേശം. വിഹിതം നിശ്ചയിക്കാന്‍ ഭക്ഷ്യവ്യവസായ മേഖലയിലുള്ളവരുമായി ചര്‍ച്ച നടത്തും.

ഹോട്ടലുകളില്‍ വലിയതോതില്‍ ഭക്ഷണം പാഴാക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ഇത്തരത്തിലൊരു തീരുമാനം. ''ഒരുപാട് പാവങ്ങളുള്ള രാജ്യമാണ് നമ്മുടേത്. ഭക്ഷണം പാഴാക്കുന്നത് കണ്ടുനില്‍ക്കാനാവില്ല. ഹോട്ടലുകളില്‍ ഭക്ഷ്യവിഹിതം കൃത്യമായി നിശ്ചയിക്കാന്‍ നിയമപരമായ സാധ്യതയുണ്ടോയെന്ന് പരിശോധിക്കും''- മന്ത്രി പറഞ്ഞു. ഭക്ഷണനിയന്ത്രണമല്ല, വിഭവങ്ങളുടെ അളവ് ഏകീകരിക്കുക മാത്രമാണ് ലക്ഷ്യമിടുന്നതെന്ന് മന്ത്രി വ്യക്തമാക്കി.

ഓരോ വിഭവത്തിന്റെയും അളവ് നിശ്ചയിച്ച് ഹോട്ടലുകളില്‍ പ്രദര്‍ശിപ്പിക്കണം. ഇതുവഴി ഉപഭോക്താവിന് ആവശ്യമുള്ള ഭക്ഷണം മാത്രം ഓര്‍ഡര്‍ ചെയ്യാനാവുമെന്നാണ് കണക്കുകൂട്ടുന്നത്. ഇതുസംബന്ധിച്ച് ഹോട്ടല്‍രംഗത്തുള്ളവരുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സമര്‍പ്പിക്കാന്‍ ചോദ്യാവലി നല്‍കും.

ഭക്ഷണം പാഴാക്കുന്നത് സംബന്ധിച്ച് മാര്‍ച്ച് 26-ലെ മന്‍ കി ബാത്ത് റേഡിയോ പ്രഭാഷണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സൂചിപ്പിച്ചിരുന്നു.