വേമ്പനാട് കായല്‍ മുഴുവന്‍ പ്ലാസ്റ്റിക്     
 
ന്യൂഡല്‍ഹി: കേരളത്തോട് ചേര്‍ന്നുകിടക്കുന്ന സമുദ്രതീരം ലോകത്തിലെതന്നെ ഏറ്റവും മാലിന്യമേറിയതെന്ന് അന്താരാഷ്ട്ര ഗവേഷണ റിപ്പോര്‍ട്ട്. വന്‍തോതില്‍ പ്ലാസ്റ്റിക് മാലിന്യവും മറ്റും അടിഞ്ഞുകൂടിയതിനാല്‍ ഈ സമുദ്രമേഖല കടല്‍പക്ഷികള്‍ക്കും മത്സ്യങ്ങള്‍ക്കും ഗുരുതരഭീഷണി ഉയര്‍ത്തുന്നു. മുംബൈ, അന്തമാന്‍ നിക്കോബാര്‍ ദ്വീപുസമൂഹങ്ങള്‍ എന്നിവിടങ്ങളിലെ തീരമേഖലയും മാലിന്യത്തിന്റെ പിടിയിലാണ്. ജര്‍മനിയിലെ ആല്‍ഫ്രഡ് വെഗ്നര്‍ ഇന്‍സ്റ്റിറ്റിയൂട്ടിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഞെട്ടിപ്പിക്കുന്ന കണ്ടെത്തല്‍.

വേമ്പനാട്ട് കായലിലാണ് ഏറ്റവുമധികം പ്ലാസ്റ്റിക് മാലിന്യമുള്ളത്. കായലില്‍ എല്ലായിടത്തും മൈക്രോപ്ലാസ്റ്റിക്കിന്റെ അംശം കണ്ടെത്തിയിട്ടുണ്ട്. ആലപ്പുഴയിലെ ചില മേഖലകളില്‍നിന്ന് പിടിച്ച മീനുകളില്‍ പ്ലാസ്റ്റിക്കിന്റെ സാന്നിധ്യം കണ്ടെത്തി. കക്ക വര്‍ഗങ്ങളിലും ചെറുമീനുകളിലും അകത്തുകടന്ന പ്ലാസ്റ്റിക് ഘടകങ്ങള്‍ ഭക്ഷ്യമേഖലയെ വിഷമയമാക്കുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

സമുദ്രമലിനീകരണം സംബന്ധിച്ച 1237 പഠനങ്ങള്‍ എകോപിപ്പിച്ചാണ് ഗവേഷണം നടത്തിയത്. 'ലിറ്റര്‍ബേസ്' എന്ന് പേരുനല്‍കിയ പഠനറിപ്പോര്‍ട്ടില്‍ ലോകത്തെ ഓരോ മേഖലയിലെയും മലിനീകരണത്തിന്റെ കണക്കുവിവരങ്ങള്‍ പരാമര്‍ശിക്കുന്ന ഭൂപടങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

മുംബൈയിലെ ജുഹു, വെര്‍സോവ, ദാദര്‍, അക്‌സ ബീച്ചുകളും ഗുരുതര മലിനീകരണത്തിന്റെ പിടിയിലാണ്. ഇവിടെ

ഒരു ചതുരശ്രമീറ്ററില്‍ എഴുപതോളം മലിനവസ്തുക്കളാണുള്ളത്. ഇതില്‍ 41.85 ശതമാനവും പ്ലാസ്റ്റിക് മാലിന്യമാണ്. കടല്‍ത്തീരങ്ങളില്‍ നടക്കുന്ന വിവിധ പരിപാടികള്‍ക്കുശേഷം വലിച്ചെറിയുന്ന വസ്തുക്കളാണ് മലിനീകരണം കൂടാന്‍ കാരണം.

ദാമന്‍ ദിയുവില്‍ തിമിംഗിലത്തിന്റെ വയറ്റില്‍നിന്ന് പ്ലാസ്റ്റിക് മാലിന്യം കണ്ടെത്തി.

ഗാര്‍ഹികമാലിന്യം കടലില്‍ തള്ളുന്നത് മലിനീകരണത്തോത് വര്‍ധിക്കാന്‍ കാരണമാകുന്നെന്ന് ഗവേഷകര്‍ ചൂണ്ടിക്കാണിച്ചു. ഇന്ത്യന്‍ മഹാസമുദ്രത്തിലെ വിദൂരദ്വീപുകളില്‍നിന്നുപോലും പരിശോധനയ്ക്കായി ശേഖരിച്ച സാമ്പിളുകളില്‍ പ്ലാസ്റ്റിക് ഘടകങ്ങളുടെ സാന്നിധ്യമുണ്ട്. ടിബറ്റന്‍ പീഠഭൂമിയിലെ തടാകങ്ങളും പ്ലാസ്റ്റിക് മാലിന്യത്തിനിന്ന് മുക്തമല്ല.

ഓസ്‌ട്രേലിയ, ആഫ്രിക്ക, അമേരിക്ക, യൂറോപ്പ് തുടങ്ങിയ ഭൂഖണ്ഡങ്ങളുടെ സമുദ്രതീരങ്ങളിലെയും നദികളിലെയും മലിനീകരണത്തിന്റെ വിവരങ്ങളും 'ലിറ്റര്‍ബേസില്‍' ഉള്‍പ്പെടുത്തിയിട്ടുണ്ട്.

പ്രധാന കണ്ടെത്തലുകള്‍

*ലോകമെമ്പാടും പ്രതിവര്‍ഷം സമുദ്രത്തിലേക്ക് വലിച്ചെറിയുന്നത് എട്ടു ദശലക്ഷം മെട്രിക് ടണ്‍ പ്ലാസ്റ്റിക് മാലിന്യം.

*പ്ലാസ്റ്റിക് മാലിന്യം സമുദ്രസമ്പത്തിനും മത്സ്യ മേഖലയ്ക്കും ഒരുവര്‍ഷം ഉണ്ടാക്കുന്ന നാശം 83,915 കോടിയുടേത്.

*പരിശോധിച്ച 34 ശതമാനം സമുദ്രജീവികളിലും മാലിന്യത്തിന്റെ സാന്നിധ്യം.

*സമുദ്രത്തിലേക്ക് വലിച്ചെറിയുന്ന മാലിന്യത്തില്‍ ഏറ്റവും കൂടുതല്‍ പ്ലാസ്റ്റിക് പോളിമറുകള്‍, പ്ലാസ്റ്റിക് ബാഗുകള്‍, ഭക്ഷ്യാവശിഷ്ടങ്ങള്‍, ശീതളപാനീയങ്ങളുടെ കുപ്പികള്‍.

*മലിനീകരണംമൂലം ഭീഷണി നേരിടുന്നത് 1220-ലധികം ജീവജാലങ്ങള്‍.