ന്യൂഡല്‍ഹി: താത്പര്യമുണ്ടെങ്കില്‍മാത്രം ഉപഭോക്താക്കള്‍ ഭക്ഷണശാലകളില്‍ 'സര്‍വീസ് ചാര്‍ജ്' നല്‍കിയാല്‍ മതിയെന്ന് കേന്ദ്രം. ലഭിക്കുന്ന സേവനത്തില്‍ ഉപഭോക്താവ് തൃപ്തനല്ലെങ്കില്‍ ഇത് നല്‍കേണ്ടതില്ലെന്ന് കേന്ദ്ര ഉപഭോക്തൃകാര്യ വകുപ്പ് തിങ്കളാഴ്ച വ്യക്തമാക്കി. 1986-ലെ ഉപഭോക്തൃ സംരക്ഷണ നിയമത്തിലെ വകുപ്പുകള്‍ പ്രകാരമാണിത്.

ഇക്കാര്യം ചൂണ്ടിക്കാട്ടി ഉപഭോക്താക്കള്‍ക്ക് കാണാവുന്നതരത്തില്‍ അറിയിപ്പ് സ്ഥാപിക്കാന്‍ ഹോട്ടലുകള്‍ക്കും റെസ്റ്റോറന്റുകള്‍ക്കും നിര്‍ദേശം നല്‍കാന്‍ സംസ്ഥാന സര്‍ക്കാരുകളോട് കേന്ദ്രം ആവശ്യപ്പെട്ടു.

മിക്ക ഭക്ഷണശാലകളിലും ഉപഭോക്താക്കളില്‍നിന്ന് നിര്‍ബന്ധിതമായി അഞ്ചുമുതല്‍ 20 ശതമാനംവരെ 'സര്‍വീസ് ചാര്‍ജ്' വാങ്ങുന്നെന്ന പരാതി ലഭിച്ചതിനെത്തുടര്‍ന്നാണ് കേന്ദ്രസര്‍ക്കാര്‍ വ്യക്തത വരുത്തിയത്.
 
ഭക്ഷണശാലകളിലെ ജീവനക്കാരുടെ സേവനം ഇഷ്ടപ്പെട്ടാല്‍ ഉപഭോക്താക്കള്‍ 'ടിപ്പ്' നല്‍കുന്നത് പതിവാണെങ്കിലും ഇത് ബില്ലിനൊപ്പം ചേര്‍ക്കുന്നതോടെ പണം നല്‍കാന്‍ ഉപഭോക്താക്കള്‍ നിര്‍ബന്ധിതരാകുന്നതായാണ് പരാതി.