ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കലിന് തുടര്‍ച്ചയായി കടുത്തനടപടികളുണ്ടാകുമെന്ന് പ്രധാനമന്ത്രി പലകുറി പ്രസ്താവിച്ചതിനാല്‍ രാജ്യം മറ്റൊരു വന്‍തീരുമാനത്തിനായി കാത്തിരിക്കുകയാണ്. ശനിയാഴ്ച വൈകീട്ട് ഏഴരയ്ക്ക് പ്രധാനമന്ത്രി രാജ്യത്തോട് പ്രസംഗിക്കുമെന്നാണ് അനൗദ്യോഗികമായ വിവരം.
യു.പി.യിലെ നിയമസഭാ തിരഞ്ഞെടുപ്പുതീയതി ജനുവരി ആദ്യവാരം പ്രഖ്യാപിക്കാനിരിക്കേ, ചില ജനകീയ തീരുമാനങ്ങള്‍ സര്‍ക്കാര്‍ അതിനുമുമ്പ് കൈക്കൊണ്ടേക്കും. ജനുവരി രണ്ടിന് ലഖ്‌നൗവില്‍ ബി.ജെ.പി.യുടെ റാലിയില്‍ പ്രധാനമന്ത്രി പ്രസംഗിക്കും. ശനിയാഴ്ച സുപ്രധാനമായ എന്തെങ്കിലും പ്രഖ്യാപനമുണ്ടായാല്‍ അതിന്റെ വിശദീകരണം ഈ റാലിയിലാണ് ഉണ്ടാവുക.
നോട്ട് അസാധുവാക്കിയതിനുശേഷം ലോക്കറുകള്‍, സ്വര്‍ണം എന്നിവയുടെ കാര്യത്തില്‍ ജനങ്ങള്‍ക്ക് ആശങ്കയുണ്ടായിരുന്നു. സര്‍ക്കാര്‍ ഇവയില്‍ കൈവെക്കുമെന്ന തരത്തില്‍ പ്രചാരണമുണ്ടായെങ്കിലും പുതിയ നിയന്ത്രണങ്ങളൊന്നും ഉണ്ടാവില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.
പ്രതീക്ഷിക്കുന്ന പ്രഖ്യാപനങ്ങള്‍
* ബിനാമി സ്വത്തുക്കള്‍ പിടിച്ചെടുക്കാനുള്ള പ്രഖ്യാപനം. പാര്‍ലമെന്റ് പാസാക്കിയ ബിനാമി ഇടപാട് തടയല്‍ നിയമം കര്‍ശനമായി നടപ്പാക്കുമെന്ന സൂചന സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. ഈ നിയമമനുസരിച്ച്, നിര്‍ദിഷ്ട പരിധിക്കപ്പുറമുള്ള സ്വത്തിന്റെ അവകാശം കേന്ദ്രത്തിനാണ് ലഭിക്കുക. പാവപ്പെട്ടവര്‍ക്കും കര്‍ഷകര്‍ക്കുംവേണ്ടി ചില ഇളവുകളും ഉണ്ടാവും.
*പണം പിന്‍വലിക്കുന്നതിനുള്ള നിയന്ത്രണത്തിലും അയവ്. എന്നാല്‍, നിയന്ത്രണം പൂര്‍ണമായി പിന്‍വലിക്കാനിടയില്ല.
*പലിശനിരക്ക് കുറച്ചുകൊണ്ടുള്ള തീരുമാനം. വിശദാംശങ്ങള്‍ പ്രധാനമന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടാവാനിടയില്ല. അതേസമയം, കര്‍ഷകര്‍ക്ക് പലിശ കുറച്ചുള്ള വായ്പ പ്രഖ്യാപിച്ചേക്കും. നിസ്സാരമായ കടങ്ങള്‍ എഴുതിത്തള്ളാനും സാധ്യത.