ന്യൂഡല്‍ഹി: സംസ്ഥാനത്തെ സര്‍ക്കാര്‍, സ്വാശ്രയ മേഖലകളിലെ മെഡിക്കല്‍ കോളേജുകള്‍ നടത്തുന്ന എം.ബി.ബി.എസ്./ബി.ഡി.എസ്. കോഴ്‌സുകളിലേക്കും കല്പിത സര്‍വകലാശാലകളിലെ മെഡിക്കല്‍ പ്രവേശനത്തിനും നീറ്റ് സ്‌കോറാണ് പരിഗണിക്കുക. അഖിലേന്ത്യാ ക്വാട്ടയിലെ മെഡിക്കല്‍ സീറ്റിലേക്ക് പരിഗണിക്കാനും നീറ്റ് സ്‌കോര്‍ വേണം.
 
കേരളത്തിലെ ആയുര്‍വേദ, ഹോമിയോപ്പതി, സിദ്ധ, യുനാനി, അഗ്രിക്കള്‍ച്ചര്‍, വെറ്ററിനറി, ഫിഷറീസ്, ഫോറസ്ട്രി കോഴ്‌സുകളിലേക്കും നീറ്റ് സ്‌കോറാണ് പരിഗണിക്കുന്നത്. കൂടാതെ തിരുവനന്തപുരത്തെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്​പീച്ച് ആന്‍ഡ് ഹിയറിങ് (നിഷ്) നടത്തുന്ന ബാച്ചിലര്‍ ഓഫ് ഓഡിയോളജി ആന്‍ഡ് സ്​പീച്ച് ലാംഗ്വേജ് പതോളജി (BASLP) കോഴ്‌സിലേക്കും ഈ സ്‌കോര്‍ പരിഗണിക്കും.

യോഗ്യത: പ്ലസ്ടു തലത്തില്‍ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി/ബയോടെക്‌നോളജി, ഇംഗ്ലീഷ് വിഷയങ്ങളെടുത്ത് പഠിച്ചവരാവണം. ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി/ബയോടെക്‌നോളജി എന്നീ വിഷയങ്ങള്‍ക്ക് മൊത്തത്തില്‍ 50 ശതമാനം മാര്‍ക്ക് നേടിയിരിക്കണം. എസ്.സി./എസ്.ടി./ഒ.ബി.സി. വിഭാഗക്കാര്‍ക്ക് 40 ശതമാനം മാര്‍ക്ക് മതി. അപേക്ഷകര്‍ക്ക് ആധാര്‍ നമ്പര്‍ ഉണ്ടായിരിക്കണം. 2018-ല്‍ യോഗ്യതാപരീക്ഷ അഭിമുഖീകരിക്കുന്നവര്‍ക്കും അപേക്ഷിക്കാം.

പ്രായം: 17-25. 2018 ഡിസംബര്‍ 31 പ്രകാരം കണക്കാക്കും. എസ്.സി./എസ്.ടി./ഒ.ബി.സി. വിഭാഗക്കാര്‍ക്ക് അഞ്ചുവര്‍ഷത്തെ ഇളവുണ്ട്. ഒരാള്‍ക്ക് മൂന്നുതവണ നീറ്റ് എഴുതാം.

അപേക്ഷാ ഫീസ്: ജനറല്‍, ഒ.ബി.സി. വിഭാഗക്കാര്‍ക്ക് 1400 രൂപ. എസ്.സി./എസ്.ടി./ഭിന്നശേഷി വിഭാഗക്കാര്‍ക്ക് 750 രൂപ. എന്‍.ആര്‍.ഐ. അപേക്ഷകര്‍ക്ക് പാസ്‌പോര്‍ട്ട് നമ്പര്‍ വേണം. അപേക്ഷാഫീസ് നെറ്റ് ബാങ്കിങ് വഴിയോ ഡെബിറ്റ് കാര്‍ഡ്/ക്രെഡിറ്റ് കാര്‍ഡ്/ഇ-വാലറ്റ് വഴിയോ മാര്‍ച്ച് 10 വരെ അടക്കാം. വിശദവിവരങ്ങള്‍ക്കും അപേക്ഷ സമര്‍പ്പിക്കാനും വെബ്‌സൈറ്റ് കാണുക.