മുംബൈ: ഉപഭോക്താക്കൾക്ക് ആവശ്യമുള്ള ചാനലുകൾമാത്രം തിരഞ്ഞെടുക്കാനുള്ള സൗകര്യത്തിന് ‘ട്രായ്’ ശനിയാഴ്ച തുടക്കംകുറിക്കും. എന്നാൽ, ഒറ്റദിവസംകൊണ്ട് പുതിയ നിയമത്തിന്റെ ആനുകൂല്യം എല്ലാ ഉപഭോക്താക്കളിലേക്കും എത്തിക്കാൻ സാധിക്കാത്തതിനാൽ പദ്ധതി പൂർണമായി നടപ്പാക്കുന്നതിന് ഫെബ്രുവരി ഒന്നുവരെ സമയം അനുവദിച്ചു.

ചാനൽ ഉടമകളും വിതരണക്കാരും മറ്റുമായി നടത്തിയ ചർച്ചയുടെ ഫലമായാണ് ഈ തീരുമാനം. പുതിയ നിയമപ്രകാരം 100 സൗജന്യ ചാനലുകൾക്ക് ഉപഭോക്താവ് 130 രൂപയും നികുതിയും കൊടുത്താൽ മതിയാകും. തുടർന്ന് ആവശ്യമുള്ള ചാനൽമാത്രം തിരഞ്ഞെടുത്ത് അതിന് നിശ്ചയിച്ചിരിക്കുന്ന പണംമാത്രം അടയ്ക്കാൻ കഴിയുന്ന സംവിധാനമാണ് വരുന്നത്.

പുതിയ നിയമം നടപ്പാക്കാൻ ട്രായ് സമയബന്ധിത പരിപാടിയാണ് മുന്നോട്ടുവെച്ചിരിക്കുന്നത്. തങ്ങളുടെ 60 ശതമാനം ഉപഭോക്താക്കൾക്കും ജനുവരി 14-ന് മുമ്പ് അവർ ആവശ്യപ്പെടുന്ന ചാനലുകൾമാത്രം നൽകിയിരിക്കണം. ജനുവരി 21-ന് മുമ്പ് 100 ശതമാനം പേരും പുതിയ നിയമത്തിന് കീഴിലായിരിക്കണമെന്നും നിർദേശമുണ്ട്. പുതിയ നിയമം ശനിയാഴ്ച മുതൽ നടപ്പാകുമ്പോൾ തുടർന്നുള്ള ദിവസങ്ങളിൽ ടെലിവിഷൻ ചാനലുകൾ കിട്ടാതാകും എന്ന വ്യാപകമായ പ്രചാരണമുണ്ടായിരുന്നു. പുതിയ നിയമം ഒരു ദിവസംകൊണ്ട് നടപ്പാക്കാൻ കഴിയില്ലെന്ന് ഡി.ടി.എച്ച്., കേബിൾ ടെലിവിഷൻ ഓപ്പറേറ്റർമാർ ചൂണ്ടിക്കാട്ടുകയുണ്ടായി.

നിലവിൽക്കാണുന്ന രീതിയിൽ എല്ലാവർക്കും ടെലിവിഷൻ പരിപാടി കാണാൻ സാധിക്കണമെന്നും ശനിയാഴ്ച മുതൽ നടപ്പാകുന്ന പുതിയ നിയമം ഫിബ്രവരി ഒന്നിനുമുമ്പ് എല്ലാവരിലുമെത്തിക്കണമെന്നുമാണ് ട്രായ് ഇപ്പോൾ നിർദേശിച്ചിരിക്കുന്നത്. പുതിയ നിയമം നടപ്പാക്കാൻ മണിക്കൂറുകൾ ബാക്കിനിൽക്കെ ചാനൽ ഉടമകൾ മാത്രമാണ് പുതിയ ചാനൽ നിരക്കുകളും പാക്കേജ് നിരക്കുകളും പ്രഖ്യാപിച്ചത്. ഡി.ടി.എച്ച്., കേബിൾ ടി.വി. തുടങ്ങിയ എം.എസ്.ഒ.കൾ (ടാറ്റാ സ്കൈ, ഡിഷ് ടി.വി. തുടങ്ങിയ മൾട്ടി സിസ്റ്റം ഓപ്പറേറ്റർമാർ) ഇതുവരെ തങ്ങളുടെ പാക്കേജ് നിരക്കുകൾ പ്രഖ്യാപിച്ചിട്ടില്ല. ഇതിൽ പല കമ്പനികളും തങ്ങളുടെ വെബ്സൈറ്റിൽ പുതിയ നിയമത്തെക്കുറിച്ച് പറയുന്നു പോലുമില്ല. പൊതുജനങ്ങളിൽനിന്ന്‌ കഴിയുന്നത്ര ദിവസം ഇത് മറച്ചുവെക്കുക എന്ന രീതിയിലാണ് ഇവരുടെ പോക്ക് എന്ന് ആരോപണമുയർന്നിട്ടുണ്ട്.

ഏതൊക്കെ ചാനലുകളാണ് സൗജന്യമെന്നും പേ ചാനലുകൾ ഏതൊക്കെയാണെന്നും ഇവർ പ്രസിദ്ധപ്പെടുത്തേണ്ടതുണ്ട്. ഇത് നോക്കിവേണം ഉപഭോക്താക്കൾക്ക് തങ്ങളുടെ ചാനലുകൾ തിരഞ്ഞെടുക്കാൻ. സോണി ടി.വി. സ്പോർട്‌സ് ചാനൽ നിരക്ക് ശനിയാഴ്ച മുതൽ 19 രൂപയായിരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടും പല ഡി.ടി.എച്ച്. കമ്പനികളും ഇന്ത്യ-ഓസ്‌ട്രേലിയ ക്രിക്കറ്റ് മത്സരം സംപ്രേഷണംചെയ്യുന്ന ഈ ചാനൽ ദിവസം രണ്ടരരൂപയ്ക്ക് വാങ്ങാമെന്ന പരസ്യമാണ് (മാസം 75 രൂപ)വെള്ളിയാഴ്ചവരെ നൽകിയത്. പുതിയ നിയമങ്ങളെക്കുറിച്ച്‌ അറിയിക്കാതെ പരമാവധി പണം ഉപഭോക്താക്കളിൽനിന്ന് ഈടാക്കുക എന്ന ലക്ഷ്യമാണ് ഇതിനുപിന്നിലെന്ന് ആരോപണം ഉയർന്നിട്ടുണ്ട്. ചാനൽ കമ്പനികൾ നൽകുന്ന പരസ്യം മാത്രമാണ് ഉപഭോക്താക്കളിലേക്ക് എത്തുന്നത്. ബഹുഭൂരിപക്ഷം പേർക്കും പുതിയ നിയമത്തെക്കുറിച്ച് വലിയ അറിവില്ല.