ബെംഗളൂരു: കർണാടകത്തിൽ സർക്കാർ ജീവനക്കാർക്ക് പുതിയ പെരുമാറ്റച്ചട്ടം നിലവിൽ വന്നു. പുതിയ വിലക്കുകളോടെയുള്ള നിയമം വ്യാഴാഴ്ചയാണ് വിജ്ഞാപനമായി പുറപ്പെടുവിച്ചത്. ഇതിനെതിരേ ജീവനക്കാർ പ്രതിഷേധവുമായി രംഗത്തിറങ്ങി.ജീവനക്കാർ മുൻകൂട്ടിയുള്ള അനുവാദമില്ലാതെ പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുന്നതും ലേഖനങ്ങളും കത്തുകളുമെഴുതി പത്രമാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കുന്നതും വിലക്കി.
സിനിമയിലും സീരിയലുകളിലും അഭിനയിക്കുന്നതും റേഡിയോ ഷോകളിൽ പങ്കെടുക്കുന്നതിനും വിലക്കുണ്ട്. കർണാടക സ്റ്റേറ്റ് സിവിൽ സർവീസസ് റൂൾസ്-2021 എന്ന പേരിൽ നിയമം കഴിഞ്ഞ വ്യാഴാഴ്ചയാണ് സർക്കാർ വിജ്ഞാപനം ചെയ്തത്.
അഭിപ്രായസ്വാതന്ത്ര്യത്തിനെതിരാണ് പുതിയ നിയമമെന്ന് ചൂണ്ടിക്കാട്ടിയാണ് ജീവനക്കാർ എതിർക്കുന്നത്. പുതിയ നിയമത്തിനെതിരേ ബെംഗളൂരുവിൽ സെക്രട്ടേറിയറ്റിലെ ജീവനക്കാർ പ്രതിഷേധിച്ചു. ജീവനക്കാരുടെ ആർജിത അവധി പണമാക്കി മാറ്റാനുള്ള വ്യവസ്ഥ നീക്കംചെയ്തതിലും പ്രതിഷേധിച്ചു. വിവിധ വകുപ്പുകളിലെ ഫയൽനീക്കം നിർത്തിവെക്കുമെന്ന് ജീവനക്കാർ മുന്നറിയിപ്പുനൽകി. വിധാൻ സൗധയിൽ ബന്ദ് ആചരിക്കാനും പ്രതിഷേധസൂചകമായി ചൊവ്വാഴ്ച കറുത്ത ബാഡ്ജുധരിച്ച് ജോലിക്ക് ഹാജരാകാനും തീരുമാനിച്ചു.
കർണാടക സ്റ്റേറ്റ് സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ, കർണാടക സ്റ്റേറ്റ് ഗവ. എംപ്ലോയീസ് അസോസിയേഷൻ എന്നീ സംഘടനകളും പ്രതിഷേധിച്ചു.
Content Highlights: New rules banning govt. staff from acting in films, TV serials notified in Karnataka