ന്യൂഡൽഹി: ഇന്ത്യ-പാക് അതിർത്തി കൂടുതൽ അശാന്തമായതോടെ ഡൽഹിയിൽ അതിജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു.

പാകിസ്താന് ഇന്ത്യ തിരിച്ചടി നൽകിയശേഷം 72 മണിക്കൂർ നേരത്തേക്കാണ് നിർദേശം നൽകിയിട്ടുള്ളത്. പാകിസ്താൻ പ്രത്യാക്രമണം നടത്തുകയും പൈലറ്റിനെ കാണാതാവുകയുംചെയ്ത സംഭവത്തോടെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കാജനകമായതിനെത്തുടർന്ന്, ബുധനാഴ്ച വൈകീട്ട് ആറിന് ഡൽഹി മെട്രോയിലും റെഡ് അലർട്ട് പ്രഖ്യാപിച്ചു.

327 കിലോമീറ്റർ മെട്രോ ശൃംഖലയാണ് നഗരത്തിലുള്ളത്. 236 സ്റ്റേഷനുകളുണ്ട്. ഡൽഹിയിൽ മാത്രമല്ല, സമീപനഗരങ്ങളിലേക്കും വ്യാപിച്ചുകിടക്കുന്ന മെട്രോയെ ലക്ഷ്യമിട്ടുള്ള ആക്രമണത്തിന്‌ സാധ്യതയുള്ളതിനാലാണ് ഇപ്പോഴത്തെ അതിജാഗ്രത.

എല്ലാ സ്റ്റേഷനുകളിലും പരിശോധന ഊർജിതമാക്കാനാണ് നിർദേശം. സ്റ്റേഷനുള്ളിലും പരിസരങ്ങളിലും നിരന്തരനിരീക്ഷണവും കർക്കശപരിശോധനയും വേണം. പാർക്കിങ് കേന്ദ്രങ്ങളിലുൾപ്പെടെ എന്തെങ്കിലും സംശയകരമായി തോന്നിയാൽ ഉടൻ കൺട്രോൾ റൂമിൽ അറിയിക്കണം. ഓരോ രണ്ടുമണിക്കൂറിനുള്ളിലും സ്റ്റേഷനുകളിലെ റിപ്പോർട്ട്‌ നൽകണമെന്നും നിർദേശിച്ചിട്ടുണ്ടെന്ന്‌ ഡി.എം.ആർ.സി. വൃത്തങ്ങൾ വ്യക്തമാക്കി.

പുൽവാമയിലെ കൊലപാതകത്തിന്‌ ചൊവ്വാഴ്ച തിരിച്ചടി നൽകിയ ഉടൻതന്നെ ഡൽഹിയടക്കം രാജ്യത്തെ ഏഴ്‌ പ്രധാന നഗരങ്ങൾക്ക്‌ ജാഗ്രതാനിർദേശം നൽകിയിരുന്നു. അടുത്ത 72 മണിക്കൂർ അതി നിർണായകമാണെന്നും കാര്യമായ സുരക്ഷാ മുൻകരുതലെടുക്കണമെന്നുമാണ് നിർദേശം. പാകിസ്താന്റെ നേരിട്ടുള്ള ആക്രമണത്തിനുപകരം ഭീകരാക്രമണ സാധ്യതയുണ്ടെന്നാണ് രഹസ്യാന്വേഷണവൃത്തങ്ങൾ നൽകിയിട്ടുള്ള മുന്നറിയിപ്പ്. തുടർന്ന്, നഗരത്തിന്റെ മർമപ്രധാനകേന്ദ്രത്തിൽ സൂക്ഷ്മനിരീക്ഷണവും കനത്തകാവലും ഏർപ്പെടുത്തി.