ന്യൂഡൽഹി: 2016-നുശേഷമുള്ള കർഷക ആത്മഹത്യകളുടെ വിവരം ലഭ്യമല്ലെന്ന് കേന്ദ്ര കൃഷിമന്ത്രി രാധാമോഹൻ സിങ് പാർലമെന്റിൽ അറിയിച്ചു. 2015-ൽ 12,602 കർഷകർ ആത്മഹത്യചെയ്തപ്പോൾ, 2016-ൽ ഇത് 11,300 ആയി കുറഞ്ഞതായും അദ്ദേഹം പാർലമെന്റിൽ അറിയിച്ചു. തൃണമൂൽ നേതാവ് ദിനേശ് ത്രിവേദിയുടെ ചോദ്യത്തിന്‌ മറുപടി നൽകുകയായിരുന്നു മന്ത്രി.

ആഭ്യന്തരമന്ത്രാലയത്തിന്റെ കീഴിലുള്ള നാഷണൽ ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ കൈവശമാണ് ആത്മഹത്യകളുടെ വിവരമുള്ളത്. എന്നാൽ, 2016-നുശേഷം അവരത് പ്രസിദ്ധീകരിച്ചിട്ടില്ല -രാധാമോഹൻ പറഞ്ഞു.

എന്നാൽ, തിരഞ്ഞെടുപ്പിൽ തിരിച്ചടിയുണ്ടാകുമെന്ന ഭയത്തിൽ സർക്കാർ വിവരങ്ങൾ മറച്ചുവെക്കുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു.

കർഷക ആത്മഹത്യകളെ സർക്കാർ വിസ്മരിക്കുകയാണോ, അതോ വിവരങ്ങൾ മറച്ചുപിടിക്കുകയാണോ എന്ന് കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേൽ ട്വിറ്ററിലൂടെ ചോദിക്കുകയും ചെയ്തു.