Tariq Anwar
താരിഖ് അൻവർ | Photo - PTI

ന്യൂഡൽഹി: റഫാൽ ഇടപാടിൽ പ്രധാനമന്ത്രിയെ ജനങ്ങൾ സംശയിക്കുന്നില്ലെന്ന ശരദ് പവാറിന്റെ പ്രസ്താവനയിൽ പ്രതിഷേധിച്ച് മുതിർന്ന എൻ.സി.പി. നേതാക്കളായ താരിഖ് അൻവറും മനാഫ് ഹക്കിമും പാർട്ടി വിട്ടു.

ബിഹാറിലെ കത്തിഹാറിൽനിന്നുള്ള ലോക്‌സഭാംഗമായ അൻവർ എം.പി.സ്ഥാനവും രാജിവെക്കുമെന്ന് വ്യക്തമാക്കി. എൻ.സി.പി. ദേശീയ ജനറൽ സെക്രട്ടറിയായ മനാഫ് ഹക്കിം മഹാരാഷ്ട്ര ന്യൂനപക്ഷ കമ്മിഷൻ അധ്യക്ഷനായിരുന്നു.

റഫാൽ ഇടപാടിനെക്കുറിച്ച് പവാർ നടത്തിയ പ്രസ്താവന വേദനിപ്പിച്ചെന്നും ഇടപാടിലെ അഴിമതിയെക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്നും താരിഖ് അൻവർ ആവശ്യപ്പെട്ടു. ഇടപാടിൽ അഴിമതി നടന്നുവെന്ന പൊതുവായ വീക്ഷണത്തെ വഞ്ചിക്കാൻ തനിക്ക്‌ സാധിക്കില്ലെന്ന് താരിഖ് അൻവർ ചൂണ്ടിക്കാട്ടി.

റഫാൽ ഇടപാടിലെ ക്രമക്കേടുകൾ ഉന്നയിച്ച് എൻ.സി.പി. ഉൾപ്പെടെയുള്ള പ്രതിപക്ഷപാർട്ടികൾ പ്രധാനമന്ത്രിക്കും ബി.ജെ.പി.ക്കുമെതിരേ കടുത്ത പ്രതിഷേധമുയർത്തുന്നതിനിടയിലാണ് എൻ.സി.പി. ദേശീയാധ്യക്ഷനും മുൻ പ്രതിരോധമന്ത്രിയുമായ ശരദ് പവാർ പ്രധാനമന്ത്രിക്കനുകൂലമായ പ്രസ്താവനയുമായി അമ്പരപ്പിച്ചത്.

ഒരു മറാഠി ടെലിവിഷൻ ചാനലിന്‌ നൽകിയ അഭിമുഖത്തിലാണ് മോദിയുടെ ഉദ്ദേശ്യശുദ്ധിയിൽ ജനങ്ങൾക്ക്‌ സംശയമുണ്ടെന്ന് താൻ കരുതുന്നില്ലെന്ന്‌ പവാർ പറഞ്ഞത്. തൊട്ടുപിന്നാലെ ബി.ജെ.പി. ദേശീയാധ്യക്ഷൻ അമിത് ഷാ അതിനെ സ്വാഗതം ചെയ്തു. രാഹുൽ ഗാന്ധി സ്വന്തം സഖ്യകക്ഷി നേതാവിന്റെ പ്രസ്താവന വിശ്വസിക്കണമെന്നും ഷാ ട്വിറ്ററിൽ പറഞ്ഞു.

അതേസമയം, മോദിയെ പിന്തുണച്ച് ശരദ് പവാർ പ്രസ്താവന നടത്തിയിട്ടില്ലെന്നും ക്ലീൻ ചിറ്റ് നൽകിയിട്ടില്ലെന്നും എൻ.സി.പി വക്താവ് നവാബ് മാലിക് പറഞ്ഞു. ജനങ്ങളിൽ സംശയം ഉണ്ടാക്കാത്ത നിലയിൽ വിഷയം വിദഗ്ധമായരീതിയിൽ സർക്കാർ തിരിച്ചുവിടുകയാണെന്നാണ് പവാർ ഉദ്ദേശിച്ചതെന്ന് നവാബ് മാലിക് അഭിപ്രായപ്പെട്ടു.