ന്യൂഡൽഹി: വായ്പത്തട്ടിപ്പ് നടത്തിയ വജ്രവ്യാപാരി നീരവ് മോദിയെയും മെഹുൽ ചോക്സിയെയും രാജ്യംവിടാൻ സഹായിച്ചതു ധനകാര്യ സെക്രട്ടറി ഹസ്മുഖ് ആദിയയാണെന്നു ബി.ജെ.പി. രാജ്യസഭാംഗം സുബ്രഹ്മണ്യൻ സ്വാമി. ആദിയക്കെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട്‌ കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്‌ലിക്ക് അദ്ദേഹം കത്തെഴുതി.

ആദിയ അഴിമതി നടത്തിയെന്നും അദ്ദേഹം കത്തിൽ ആരോപിച്ചു.

ആദിയ ഇപ്പോഴും നീരവുമായി ബന്ധപ്പെടുന്നുണ്ട്. നീരവിനു സംരക്ഷണകവചം തീർത്തതും ചിദംബരത്തെയും സോണിയയെയും പോലുള്ള അഴിമതിക്കാരെ സംരക്ഷിക്കുന്നതും ആദിയയാണ്. അഴിമതി തടയൽ നിയമപ്രകാരം ആദിയക്കെതിരേ നടപടിയെടുക്കണം -സ്വാമി ആവശ്യപ്പെട്ടു. വാർത്താ ഏജൻസിയായ എ.എൻ.ഐ.യ്ക്കു നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം കത്തിന്റെ വിശദാംശങ്ങൾ പുറത്തുവിട്ടത്. ഇക്കാര്യമാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ പൊതുതാത്പര്യ ഹർജി നൽകും.

നാഷണൽ ഹെറാൾഡ് കേസിലും ആദായനികുതിയുമായി ബന്ധപ്പെട്ട കേസുകളിലും അഴിമതിക്കാർക്കെതിരേ നടപടിയെടുത്ത എല്ലാ ഉദ്യോഗസ്ഥരെയും ആദിയ സ്ഥലംമാറ്റി. വളരെ നന്നായി ജോലിചെയ്തിരുന്ന ഒരു യുവ റവന്യൂ ഉദ്യോഗസ്ഥനെയും സ്ഥലംമാറ്റിയതായി സ്വാമി ആരോപിച്ചു.