ന്യൂഡൽഹി: ഓൺലൈൻ ജോബ് പോർട്ടൽ വഴി ജോലി വാഗ്ദാനം നൽകി വഞ്ചിക്കപ്പെട്ടെന്ന പരാതിയുമായി മലയാളി യുവതി. ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയുന്ന കണ്ണൂർ സ്വദേശിനിയായ റിൻസിയാണ് തട്ടിപ്പിനിരയായത്. കഴിഞ്ഞ മാസം വിദേശത്ത് നഴ്‌സിനെ ആവശ്യമുണ്ട് എന്ന് ഓൺലൈൻ പോർട്ടലിൽ പരസ്യം കണ്ടതിനെ തുടർന്നാണ് ജോലിക്ക് അപേക്ഷിച്ചത്.

കേണൽ കോൾ മോർഗൻ എന്ന് സ്വയം പരിചയപ്പെടുത്തിയ ആൾ താൻ അമേരിക്കൻ എയർ ഫോഴ്സിൽ ജോലിചെയ്യുകയാണെന്നും സ്കൈഡൈവ് പരിശീലനത്തിനിടയിൽ പരിക്കുപറ്റിയ ഭാര്യയെ ശുശ്രൂഷിക്കാൻ നഴ്‌സിനെ ആവശ്യമുണ്ടെന്നും അറിയിച്ച് റിൻസിയെ ബന്ധപ്പെടുകയായിരുന്നു. ഇ-മെയിലിലൂടെ തുടർച്ചയായി നടന്ന ആശയവിനിമയത്തിനൊടുവിൽ റിൻസിയെ ജോലിക്കായി തിരഞ്ഞെടുത്തെന്ന അറിയിപ്പു ലഭിച്ചു. ഉയർന്ന ശമ്പളവും ഫാമിലി വിസയടക്കമുള്ള വാഗ്ദാനങ്ങളും ഉറപ്പു നൽകിയതിനെ തുടർന്ന് വിദ്യാഭ്യാസ, തൊഴിൽ പരിചയ രേഖകളും മറ്റും റിൻസി അയച്ചുകൊടുത്തു.

രേഖകളുടെ വെരിഫിക്കേഷനായി എഴുപതിനായിരത്തോളം രൂപ റിൻസിയിൽനിന്ന് തട്ടിയെടുത്തു. ജോലി ആരംഭിച്ചാൽ തിരിച്ചുതരും എന്ന ഉറപ്പോടെയാണ് പണം ഓൺലൈനായി കൈമാറിയത്. എന്നാൽ പിന്നെയും പല കാരണങ്ങൾ പറഞ്ഞ് കൂടുതൽ തുക ആവശ്യപ്പെട്ടു. സംശയം തോന്നിയതിനെ തുടർന്ന് കൂടുതൽ അന്വേഷിച്ചപ്പോൾ വഞ്ചിക്കപ്പെട്ടെന്ന് തിരിച്ചറിഞ്ഞ യുവതി നിയമ സഹായത്തിനായി പ്രവാസി ലീഗൽ സെല്ലിനെ സമീപിച്ചു.

പ്രാഥമിക അന്വേഷണത്തിൽനിന്നും പണം കൈമാറ്റം ചെയ്യപ്പെട്ടിരിക്കുന്നത് ഡൽഹിയിലുള്ള സ്വകാര്യ ബാങ്കിലെ അക്കൗണ്ടിലേക്കാണ് എന്ന് വ്യക്തമായി. ലീഗൽ സെല്ലിന്റെ സഹായത്തോടെ ഡൽഹി പോലീസ് കമ്മിഷണർക്കടക്കം പരാതി നൽകി. ഡൽഹി പോലീസ് നടപടി സ്വീകരിച്ചില്ലെങ്കിൽ മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കുമെന്നു പ്രവാസി ലീഗൽ സെൽ പ്രസിഡന്റ് ജോസ് എബ്രഹാം അറിയിച്ചു.