ന്യൂഡൽഹി: കുഷ്‌ഠരോഗികൾക്ക്‌ സംവരണവും ആനുകൂല്യങ്ങളും ലഭിക്കുന്നതിനുവേണ്ടി ഭിന്നശേഷി സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിന് പ്രത്യേക ചട്ടങ്ങളുണ്ടാക്കാൻ കേന്ദ്രസർക്കാരിനോട്‌ സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എ.എം. ഖാൻവിൽകർ, ഡി.വൈ. ചന്ദ്രചൂഡ് എന്നിവരടങ്ങിയ ബെഞ്ചാണ് ഇക്കാര്യം നിർദേശിച്ചത്.

രോഗനിർമാർജനത്തിനും കുഷ്ഠരോഗികളെ പുനരധിവസിപ്പിക്കുന്നതിനുമുള്ള നിർദേശങ്ങൾ കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും കോടതി നൽകി. കുഷ്ഠരോഗികൾ വിവേചനം നേരിടുന്നില്ലെന്ന് സർക്കാർ, സ്വകാര്യ ആശുപത്രികളിലെ ജീവനക്കാർ ഉറപ്പുവരുത്തണമെന്ന്‌ ബെഞ്ച് വ്യക്തമാക്കി.

ഇവർക്ക് സാധാരണ വിവാഹജീവിതം നയിക്കുന്നതിനുള്ള ബോധവത്കരണം നടത്തണം. കുഷ്ഠരോഗികളുള്ള കുടുംബങ്ങളിൽനിന്നുവരുന്ന വിദ്യാർഥികൾ നേരിടുന്ന വിവേചനം ഒഴിവാക്കാൻ കേന്ദ്രവും സംസ്ഥാനങ്ങളും നിയമങ്ങളുണ്ടാക്കണമെന്നും കോടതി നിർദേശിച്ചു.

അഭിഭാഷകനായ പങ്കജ് സിൻഹ സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു കോടതി. രോഗം നിർമാർജനം ചെയ്യാൻ സർക്കാർ ആവശ്യത്തിന്‌ നടപടികൾ സ്വീകരിക്കുന്നില്ലെന്ന് ഹർജിയിൽ ആരോപിക്കുന്നു.

രാജ്യത്തുനിന്ന്‌ കുഷ്ഠരോഗം നിർമാർജനം ചെയ്യാൻ കഴിയുന്ന കർമപദ്ധതി സമർപ്പിക്കണമെന്ന് ജൂലായ് അഞ്ചിന് കേന്ദ്രത്തോട്‌ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു.