ന്യൂഡൽഹി: പൊതുതിരഞ്ഞെടുപ്പിന്‌ മാസങ്ങൾമാത്രം ശേഷിക്കെ പ്രശ്നങ്ങളുടെയും ആരോപണങ്ങളുടെയും നീർച്ചുഴിയിലാണ് കേന്ദ്രസർക്കാർ. കഴിഞ്ഞ നാലരക്കൊല്ലം നേരിടേണ്ടിവന്നിട്ടില്ലാത്തത്ര ആരോപണങ്ങളാണ് സർക്കാരും പ്രധാനമന്ത്രി നരേന്ദ്രമോദിയും അഭിമുഖീകരിക്കുന്നത്.

പെട്രോളിന്റെയും ഡീസലിന്റെയും കുതിച്ചുയരുന്ന വില പിടിച്ചുനിർത്താൻ സർക്കാർ ഒന്നുംചെയ്യുന്നില്ല. പൊതുവായ സാമ്പത്തികമാന്ദ്യവും വർധിച്ചുവരുന്ന ഇന്ധനവിലയും നിത്യോപയോഗസാധനങ്ങളുടെ വിലക്കയറ്റവും സർക്കാരിനെ തുറിച്ചുനോക്കുന്നു; ഒപ്പം രൂപയുടെ മൂല്യത്തകർച്ചയും. റഫാൽ ഇടപാടുമായി ബന്ധപ്പെട്ടുയർന്ന അഴിമതിയാരോപണത്തിലും വിശ്വസനീയമായ മറുപടിനൽകാൻ കേന്ദ്രസർക്കാരിനായിട്ടില്ല.

രാജ്യംവിട്ട വിജയ് മല്യയുടെയും നീരവ് മോദിയുടെയും മെഹുൽ ചോക്സിയുടെയും ഉന്നതബന്ധങ്ങൾ പ്രതിപക്ഷത്തിന്‌ വലിയ രാഷ്ട്രീയ ആയുധമാണ് നൽകിയിരിക്കുന്നത്. അതിനിടെയാണ് മുൻ റിസർവ് ബാങ്ക് ഗവർണർ രഘുറാം രാജന്റെ വെളിപ്പെടുത്തൽ. വായ്പത്തട്ടിപ്പുകാരുടെ വിവരങ്ങൾ പ്രധാനമന്ത്രിയുടെ ഓഫീസിനെ അറിയിച്ചിരുന്നുവെന്നാണ് രാജൻ കഴിഞ്ഞദിവസം പാർലമെന്ററിസമിതിയെ അറിയിച്ചത്.

രാജ്യം വിടുന്നതിനുമുമ്പ് താൻ ധനമന്ത്രി അരുൺ ജെയ്റ്റ്‌ലിയുമായി കൂടിക്കാഴ്ച നടത്തിയെന്ന വിജയ് മല്യയുടെ വെളിപ്പെടുത്തൽകൂടി വന്നതോടെ സർക്കാർ പൂർണമായും പ്രതിരോധത്തിലായി. ഇക്കാര്യത്തിൽ ധനമന്ത്രിക്കും സർക്കാരിനും ഏറെ വിശദീകരിക്കേണ്ടിവരും. ഉയിർത്തെഴുന്നേല്പിന്റെ ലക്ഷണങ്ങൾ കാണിക്കുന്ന മുഖ്യപ്രതിപക്ഷമായ കോൺഗ്രസ് കിട്ടിയ അവസരം പ്രയോജനപ്പെടുത്താൻ അരയും തലയും മുറുക്കിക്കഴിഞ്ഞു.

മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഢ് നിയമസഭാ തിരഞ്ഞെടുപ്പുകൾ തൊട്ടടുത്തെത്തി. തെലങ്കാനയിലും തിരഞ്ഞെടുപ്പിനുള്ള കളമൊരുങ്ങുകയാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പിനും മാസങ്ങളേ ബാക്കിയുള്ളൂ. പൂർണ തോതിലല്ലെങ്കിൽപോലും പ്രതിപക്ഷ ഐക്യം യാഥാർഥ്യമായേക്കാവുന്ന സാഹചര്യം രൂപപ്പെട്ടുവരുന്നു. ഈ വെല്ലുവിളികളെ ബി.ജെ.പി. എങ്ങനെ നേരിടുമെന്നതാണ് കാണാനുള്ളത്. പ്രധാനമന്ത്രിയുടെ ജനപ്രീതിയിലും പ്രചാരണശേഷിയിലും മാത്രം ഊന്നി പൊതുതിരഞ്ഞെടുപ്പ്‌ നേരിടാനാവുമോ? ‘മോദി മാജിക് ’ വീണ്ടും ഫലിക്കുമോ എന്നീക്കാര്യങ്ങൾ പ്രവചനാതീതമാണ്.

പുറമേ നിസ്സാരവത്കരിക്കുന്നുണ്ടെങ്കിലും ഇന്ധനവില സൃഷ്ടിച്ചിരിക്കുന്ന പ്രതിസന്ധിയുടെ ആഴം കേന്ദ്രം തിരിച്ചറിഞ്ഞിട്ടുണ്ടെന്നാണ് പ്രധാനമന്ത്രിയുടെ നീക്കങ്ങൾ സൂചിപ്പിക്കുന്നത്. ഇക്കാര്യം ചർച്ചചെയ്യാൻ പ്രധാനമന്ത്രി ഉന്നതതല യോഗം വിളിച്ചിരിക്കുന്നതുതന്നെ ഇതിന്റെ തെളിവാണ്. രൂപയുടെ വിലയിടിയുന്നതാണ് പരിഹാരം കാത്തിരിക്കുന്ന മറ്റൊരു പ്രശ്നം.

വിജയ് മല്യയുടെ വെളിപ്പെടുത്തൽ മന്ത്രി ജെയ്റ്റ്‌ലിക്കെതിരായാണെങ്കിലും ആത്യന്തികമായി ഇക്കാര്യത്തിലും പ്രധാനമന്ത്രി വിശദീകരണം നൽകേണ്ടിവരും. മല്യയും ജെയ്റ്റ്‌ലിയും എന്താണ്‌ സംസാരിച്ചത്, മല്യ രാജ്യംവിടുമെന്ന സൂചന ജെയ്‌റ്റ്‌ലിക്ക്‌ ലഭിച്ചിരുന്നോ? എങ്കിൽ എന്തുകൊണ്ട് തടയാൻ ശ്രമിച്ചില്ല എന്നതിനൊക്കെ സർക്കാരും പ്രധാനമന്ത്രിയും മറുപടി നൽകേണ്ടിവരും.

വൻ വായ്പത്തട്ടിപ്പ്‌ നടത്തി മുങ്ങിയ നീരവ് മോദിയുടെയും മെഹുൽ ചോക്സിയുടെയും കാര്യത്തിൽ പ്രതിപക്ഷത്തിന്റെ ആരോപണം പ്രധാനമന്ത്രിക്കും അദ്ദേഹത്തിന്റെ ഓഫീസിനും നേരെ തന്നെയാണ് ഉയർന്നിട്ടുള്ളത്. ഇവർക്ക്‌ സുരക്ഷിതരായി രാജ്യംവിടാൻ ‘അത്യുന്നത ഭരണ’കേന്ദ്രത്തിൽനിന്നുതന്നെ സഹായം ലഭിച്ചെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്.

ഈവിഷയങ്ങളിലും രഘുറാം രാജൻ നൽകിയ മുന്നറിയിപ്പിലും നടപടിയെടുത്തില്ലെന്ന ആരോപണം പ്രധാനമന്ത്രിയുടെ അഴിമതിവിരുദ്ധ പ്രതിച്ഛായയെത്തന്നെ ബാധിച്ചേക്കാം. ആരോപണങ്ങളുടെ മുനയൊടിക്കാനും ജനപ്രീതി നിലനിർത്തി തിരഞ്ഞെടുപ്പിനെ നേരിടാനും മോദിക്ക് കഴിയുമോയെന്നും അദ്ദേഹം മൗനംവെടിയുമോയെന്നുമാണ് രാഷ്ട്രീയകേന്ദ്രങ്ങൾ ഉറ്റുനോക്കുന്നത്.