ന്യൂഡൽഹി: ആരോഗ്യമേഖലയിലെ പ്രവർത്തനങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അനുമോദിച്ച് അന്താരാഷ്ട്ര മെഡിക്കൽ ജേർണൽ ലാൻസെറ്റ്. സമ്പൂർണ ആരോഗ്യ പരിരക്ഷയ്ക്ക് (യു.എച്ച്.സി.) പ്രാധാന്യം നൽകിയ ഇന്ത്യയിലെ ആദ്യ പ്രധാനമന്ത്രിയാണ് മോദിയെന്ന് ലാൻസെറ്റിന്റെ എഡിറ്റർ ഇൻ ചീഫ് റിച്ചാർഡ് ഹോർട്ടൻ അഭിപ്രായപ്പെട്ടു.

രാഷ്ട്രീയ ആയുധമായി കൂടിയാണ് ആയുഷ്മാൻ ഭാരത് എന്ന ആരോഗ്യ സുരക്ഷാപദ്ധതിയെ അവതരിപ്പിച്ചത്. വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ആരോഗ്യം നിർണായക വിഷയമായി മാറുമെന്നും അദ്ദേഹം നിരീക്ഷിച്ചു. ആയുഷ്മാൻ ഭാരത് പോലുള്ള ബൃഹത്തായ പദ്ധതിക്ക് പകരംവെക്കുന്ന വാഗ്ദാനം നൽകാൻ കോൺഗ്രസിന് ഇതുവരെയായില്ലെന്നും ജേർണലിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ ചൂണ്ടിക്കാട്ടി.

ഇന്ത്യയിലെ തൊഴിൽ പ്രതിസന്ധി മാത്രമാണ് എല്ലാവരും ഉയർത്തിക്കാണിക്കുന്നത്. ആരോഗ്യമേഖലയിലും വെല്ലുവിളികൾ നേരിടുന്ന രാജ്യമാണ് ഇന്ത്യ. ആയുഷ്മാൻ ഭാരതിന് ഗുണമേന്മയുള്ള ആരോഗ്യ സേവനങ്ങൾ ജനങ്ങളിലെത്തിക്കാൻ സാധിക്കുമെന്നും ലേഖനത്തിൽ പറയുന്നു.