ന്യൂഡൽഹി: പെട്രോളിനെയും ഡീസലിനെയും അവശ്യവസ്തുക്കളായി കണക്കാക്കി വിലനിയന്ത്രിക്കാൻ നിർദേശം നൽകണമെന്നാവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതിയിൽ പൊതുതാത്പര്യഹർജി. ചീഫ് ജസ്റ്റിസ് രാജേന്ദ്ര മേനോന്റെ ബെഞ്ചിന്റെ ശ്രദ്ധയിൽപ്പെടുത്തിയ ഹർജി ബുധനാഴ്ച പരിഗണിക്കാൻ മാറ്റി.

ഡൽഹിയിലെ പൂജാ മഹാജനാണ് ഹർജിക്കാരി. എണ്ണക്കമ്പനികൾക്ക്‌ തോന്നുംപോലെ വിലകൂട്ടാൻ പരോക്ഷമായി അനുമതിനൽകുകയാണ് സർക്കാർ. കർണാടക തിരഞ്ഞെടുപ്പിനുമുമ്പ് 22 ദിവസം വില വർധിപ്പിക്കാതിരുന്നത് ഇക്കാര്യം വ്യക്തമാക്കുന്നു. അന്താരാഷ്ട്ര വിലയുമായി താരതമ്യപ്പെടുത്തി തെറ്റിദ്ധാരണ പരത്താനാണ് സർക്കാർ ശ്രമിക്കുന്നത്. അസംസ്കൃത എണ്ണയ്ക്ക് ഇപ്പോഴത്തേതിനെക്കാൾ വില കുറഞ്ഞപ്പോഴും രാജ്യത്ത് എണ്ണവില കുറച്ചിട്ടില്ല -ഹർജിയിൽ പറയുന്നു.

ഇക്കാര്യം ആവശ്യപ്പെട്ട് ജൂലായിലും പൂജാ മഹാജൻ ഹർജി നൽകിയിരുന്നു. എന്നാൽ, ഹർജിയെ നിവേദനമായിക്കണ്ട് നടപടിയെടുക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെട്ടാണ് കോടതി അത് തീർപ്പാക്കിയത്. ഇതുവരെ സർക്കാർ നടപടിയെടുക്കാത്തതിനാലാണ് വീണ്ടും ഹർജിയുമായി വന്നതെന്നും പൂജ വ്യക്തമാക്കി.