ന്യൂഡൽഹി: സ്വവർഗരതി ക്രിമിനൽക്കുറ്റമല്ലെന്നു സുപ്രീംകോടതി വിധിച്ചെങ്കിലും ലൈംഗികന്യൂനപക്ഷങ്ങളുമായി ബന്ധപ്പെട്ട വ്യവഹാരങ്ങൾക്ക് അവസാനമാകുന്നില്ല. സ്വവർഗവിവാഹം, പിന്തുടർച്ചാവകാശം, ഇൻഷുറൻസ് വിഹിതം തുടങ്ങിയ പൗരാവകാശങ്ങൾ സംബന്ധിച്ച വ്യവഹാരങ്ങൾ തുടരും. സ്വവർഗവിവാഹത്തെ കേന്ദ്രസർക്കാർ അനുകൂലിക്കില്ലെന്നാണു സൂചന.

സ്വവർഗരതി ക്രിമിനൽക്കുറ്റമാക്കുന്ന 377-ാം വകുപ്പ് റദ്ദാക്കണമെന്ന ഹർജികളിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ കേന്ദ്രം പൗരാവകാശങ്ങൾ സംബന്ധിച്ച കാര്യം ഭരണഘടനാബെഞ്ചിന്റെ തീർപ്പിനു വിടുകയായിരുന്നു. എന്നാൽ, വകുപ്പ് റദ്ദാക്കിയ ബെഞ്ച് ഇതു സംബന്ധിച്ചു വിധിയിൽ ഒന്നും പരാമർശിച്ചില്ല.

സ്വവർഗരതി ക്രിമിനൽക്കുറ്റമല്ലാതാക്കിയതിനെ സ്വാഗതം ചെയ്യുമ്പോഴും സ്വവർഗവിവാഹം നിയമാനുസൃതമാക്കുന്നതിനെ എതിർക്കുമെന്നാണു സർക്കാർവൃത്തങ്ങൾ പറയുന്നത്. ആർ.എസ്.എസിനും ഇതേ നിലപാടാണ്. സ്വവർഗവിവാഹം പ്രകൃതിനിയമങ്ങളുമായി ചേർന്നുപോകുന്നതല്ലെന്നും ഇത്തരം ബന്ധങ്ങൾ അംഗീകരിക്കുന്ന പാരമ്പര്യമല്ല ഭാരതീയസമൂഹത്തിനുള്ളതെന്നും ആർ.എസ്.എസ്. വക്താവ് അരുൺ കുമാർ അഭിപ്രായപ്പെട്ടു.

എന്നാൽ, വിധിയിലൂടെ ലൈംഗികന്യൂനപക്ഷങ്ങൾക്കു ലഭിച്ച തുല്യതയ്ക്കുള്ള അവകാശത്തിൽ പൗരാവകാശങ്ങളും അടങ്ങിയിട്ടുണ്ടെന്ന്‌ വകുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട്‌ ഹർജി നൽകിയവരിലൊരാളായ സുനിൽ മെഹ്‌റ പറഞ്ഞു. ഈ അവകാശങ്ങൾ തങ്ങൾക്കു ലഭിക്കില്ലെന്നു പറയുന്നത് വിശ്വസിക്കാനാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ലൈംഗികന്യൂനപക്ഷങ്ങൾക്ക്‌ സാധാരണ പൗരന്മാർക്കുള്ള എല്ലാ അവകാശവും ലഭിക്കാൻ മുൻകൈയെടുക്കേണ്ടത്‌ സർക്കാരാണെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സിങ് സുർജേവാല ചൂണ്ടിക്കാട്ടി. പൗരാവകാശങ്ങൾ സംബന്ധിച്ച ഹർജികൾ വൈകാതെതന്നെ കോടതിയിലെത്തുമെന്ന്‌ മുതിർന്ന അഭിഭാഷകൻ ആനന്ദ് ഗ്രോവർ പറഞ്ഞു. തൊഴിലിടത്തിലെ വിവേചനം, വിവാഹം, ദത്തെടുക്കൽ, പിന്തുടർച്ചാവകാശം തുടങ്ങി ഒട്ടേറെ സങ്കീർണമായ മേഖലയാണിതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.