ന്യൂഡൽഹി: രാജ്യത്തെ സ്വകാര്യ, അൺ എയ്ഡഡ് സ്കൂളുകളിൽ ഫീസ് തോന്നുംപടി കൂട്ടുന്നത്‌ നിയന്ത്രിക്കാൻ നീക്കം. ഇതിനുള്ള വ്യവസ്ഥകളടങ്ങിയ കരടുബിൽ ദേശീയ ബാലാവകാശ സംരക്ഷണ കമ്മിഷൻ (എൻ.സി.പി.സി.ആർ.) തയ്യാറാക്കിവരികയാണ്. കരട് കേന്ദ്രസർക്കാർ അംഗീകരിച്ചാൽ ലക്ഷക്കണക്കിന്‌ രക്ഷിതാക്കൾക്ക് ആശ്വാസമാകും. കമ്മിഷന്റെ ശുപാർശ ലഭിക്കുന്നമുറയ്ക്ക് അക്കാര്യം പരിഗണിക്കുമെന്ന് മാനവവിഭവശേഷിമന്ത്രാലയത്തിലെ ഉന്നതോദ്യോഗസ്ഥൻ പറഞ്ഞു.

ഫീസ്‌വർധന കൊല്ലത്തിൽ പരമാവധി പത്തുശതമാനമായി നിജപ്പെടുത്തണമെന്നതുൾപ്പെടെയുള്ള നിർദേശങ്ങൾ കരടുബില്ലിലുണ്ട്. ഫീസ്‌വർധനയുടെ പരിധി ലംഘിക്കുന്ന സ്കൂളുകൾക്കെതിരേ നടപടി സ്വീകരിക്കുന്നതിനുള്ള വ്യവസ്ഥകളുമുണ്ട്. അമിതഫീസ് ഈടാക്കുന്ന സ്കൂളുകൾക്കെതിരേ ആദ്യതവണ മൊത്തവരുമാനത്തിന്റെ ഒരു ശതമാനം പിഴ ഈടാക്കാമെന്നാണ് വ്യവസ്ഥ. രണ്ടാംതവണ രണ്ടു ശതമാനവും മൂന്നാംതവണ അഞ്ചുശതമാനവും പിഴ ഈടാക്കാം. തുടർന്നും നിയമം ലംഘിച്ചാൽ പുതുതായി പ്രവേശനം നൽകുന്നതിൽനിന്ന്‌ വിലക്കും. സ്കൂൾ പൂട്ടിയാൽ നിലവിലുള്ള വിദ്യാർഥികളുടെ പഠനം തടസ്സപ്പെടുമെന്നതിനാലാണ് അത്തരമൊരു നിർദേശം വെക്കാത്തതെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു.

സ്കൂളുകളുടെ ഫീസ് നിശ്ചയിക്കുന്നതിനുള്ള അധികാരം സംസ്ഥാനങ്ങളുടെ അധികാരപരിധിയിൽപ്പെട്ടതായതിനാൽ കേന്ദ്രനിയമത്തിനനുസൃതമായി അതതു സംസ്ഥാനങ്ങൾ നിയമം പാസാക്കണം. സമീപകാലത്തായി തമിഴ്‌നാട്, മഹാരാഷ്ട്ര, രാജസ്ഥാൻ, ഗുജറാത്ത്, പഞ്ചാബ്, ഉത്തർപ്രദേശ് സംസ്ഥാനങ്ങൾ സ്വകാര്യ, അൺഎയ്ഡഡ് സ്‌കൂളുകളിലെ ഫീസ് നിയന്ത്രിക്കുന്നതിന് നിയമം കൊണ്ടുവന്നിട്ടുണ്ട്. 2015-ൽ ഡൽഹി നിയമസഭ ഫീസ് നിയന്ത്രിക്കുന്നതിനുള്ള ബിൽ അംഗീകരിച്ചെങ്കിലും കേന്ദ്രം അനുമതി നൽകാത്തതിനാൽ ഇതുവരെ നിയമമായിട്ടില്ല.

രാജ്യത്ത് മൂന്നരലക്ഷം സ്വകാര്യ, അൺ എയ്ഡഡ് സ്കൂളുകളാണുള്ളത്. ഏഴരക്കോടി കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. ഇതു മൊത്തം വിദ്യാർഥികളുടെ 38 ശതമാനം വരും.