ന്യൂഡൽഹി: ഇന്ത്യയിൽ ഓരോ 20 മിനിറ്റിലും ബലാത്സംഗവും ഓരോ മൂന്നു മിനിറ്റിലും ലൈംഗികാതിക്രമവും നടക്കുന്നു. ദേശീയ ക്രൈം റെക്കോഡ്സ് ബ്യൂറോയുടേതാണ് ഈ കണക്കുകൾ. ഇതിനെ ശരിവെച്ചുകൊണ്ട് ലോകത്ത്‌ സ്ത്രീകൾക്ക്‌ ജീവിക്കാൻ ഏറ്റവും അപകടകരമായ സ്ഥലം ഇന്ത്യയാണെന്ന്‌ കണ്ടെത്തിയിരിക്കുകയാണ് ആഗോളസർവേ. ഏറ്റവും അപകടകരമായ നഗരങ്ങളിൽ രാജ്യതലസ്ഥാനമായ ഡൽഹി നാലാംസ്ഥാനത്താണ്.

ലോകത്തെ ഏറ്റവുംവലിയ വാർത്താ ഏജൻസികളിലൊന്നായ തോംസൺ റോയിട്ടേഴ്സിന്റെ ജീവകാരുണ്യ സംഘടനയായ തോംസൺ റോയിട്ടേഴ്സ് ഫൗണ്ടേഷനാണ് സർവേ നടത്തിയത്. സർവേയ്ക്കെതിരേ ദേശീയ വനിതാ കമ്മിഷൻ രംഗത്തെത്തി. സർവേ ആധികാരികമല്ലെന്ന്‌ കമ്മിഷൻ അധ്യക്ഷ രേഖാശർമ അഭിപ്രായപ്പെട്ടു.

ഈവർഷം മാർച്ച് 26-മേയ് നാല് കാലയളവിലായിരുന്നു സർവേ. അക്കാദമിക് രംഗത്തുള്ളവർ, ആരോഗ്യപ്രവർത്തകർ, നയരൂപകർത്താക്കൾ, സന്നദ്ധസംഘടനാ (എൻ.ജി.ഒ.) പ്രവർത്തകർ തുടങ്ങിയവരടങ്ങുന്ന 548 വിദഗ്ധരുടെ സംഘമാണ് ആഗോളതലത്തിൽ സർവേ നടത്തിയത്. ലൈംഗികചൂഷണം, പിന്തിരിപ്പൻ ആചാരങ്ങൾ, മനുഷ്യക്കടത്ത് തുടങ്ങിയവയാണ് ഇന്ത്യയെ ഈ നിലയിലെത്തിച്ചത്. 2011-ൽ ഇന്ത്യ നാലാമതായിരുന്നു. അവിടെനിന്നുമാണ് ഒന്നാംസ്ഥാനത്തേക്കുള്ള വീഴ്ച.

സർവേയിൽ ആദ്യ പത്തുറാങ്കിലുള്ള ഏക പാശ്ചാത്യരാജ്യം യു.എസാണ്. ലൈംഗികാതിക്രമം, പീഡനം, ലൈംഗികബന്ധത്തിന്‌ നിർബന്ധിക്കൽ എന്നീ കാര്യങ്ങളിൽ അവർ മൂന്നാംസ്ഥാനത്താണ്. നഗരങ്ങളിൽ ഈജിപ്തിലെ കെയ്റോ, പാകിസ്താനിലെ കറാച്ചി എന്നിവയാണ് ആദ്യ രണ്ടു സ്ഥാനങ്ങളിൽ.

സ്ത്രീകൾക്കെതിരായ അക്രമവും പീഡനവും സാംസ്കാരിക, ഗോത്ര, പരമ്പരാഗത ആചാരങ്ങളിൽനിന്ന്‌ സ്ത്രീകൾ നേരിടുന്ന ഭീഷണി, നിർബന്ധിത തൊഴിൽ, ലൈംഗികാടിമത്തം, ഗാർഹികാടിമത്തം തുടങ്ങിയ കാര്യങ്ങളിലെ ഭീഷണി എന്നീ വിഷയങ്ങളെ അടിസ്ഥാനപ്പെടുത്തിയായിരുന്നു സർവേ.

ആരോഗ്യരംഗം, പരമ്പരാഗതരീതികൾ, വിവേചനം, ലൈംഗികാതിക്രമം, ലൈംഗികേതര അതിക്രമം, മനുഷ്യക്കടത്ത് എന്നീ വിഷയങ്ങളിൽ പ്രത്യേകമായി പ്രതികരണം തേടി. പാതിവിഷയങ്ങളിലും ഇന്ത്യയുടെ സ്ഥിതി മോശം. മനുഷ്യക്കടത്തിന്റെ ഭാഗമായിവരുന്ന നിർബന്ധിത തൊഴിൽ, ലൈംഗികാടിമത്തം, ഗാർഹികാടിമത്തം എന്നിവയിൽ ‘ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള രണ്ടാമത്തെ രാജ്യമായ ഇന്ത്യ’യിലെ വലിയൊരുവിഭാഗം സ്ത്രീകളും ഭീഷണി നേരിടുന്നതായി ഫൗണ്ടേഷൻ പറയുന്നു.

ബലാത്സംഗം, ലൈംഗികാതിക്രമം, ആസിഡാക്രമണം, സ്ത്രീധനമരണം തുടങ്ങിയ കേസുകളിൽ രാജ്യത്തു ക്രമാതീതമായ വർധനയാണ് 2012-2016 കാലയളവിലുണ്ടായത് -40 ശതമാനത്തോളം. ദേശീയ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്കുപ്രകാരം 338,954 ലക്ഷം കേസുകൾ ഇപ്പോഴുണ്ട്.

റാങ്കിങ് (ഏറ്റവും മോശം എന്ന ക്രമത്തിൽ)

2018     2011

ഇന്ത്യ    അഫ്ഗാനിസ്താൻ

അഫ്ഗാനിസ്താൻ   കോംഗോ

സിറിയ    പാകിസ്താൻ

സൊമാലിയ   ഇന്ത്യ

സൗദി അറേബ്യ   സൊമാലിയ

സർവേ ആധികാരികമല്ല

“ഒരു ചെറിയ വിഭാഗത്തിൽ നടത്തിയ സർവേയുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ റിപ്പോർട്ടിന് ആധികാരികതയില്ല. ഇതു രാജ്യത്തിന്റെ മൊത്തം അഭിപ്രായമായി കണക്കാക്കാനാകില്ല. സ്ത്രീകൾക്ക്‌ പരസ്യമായി സംസാരിക്കാൻ അനുവാദമില്ലാത്ത രാജ്യങ്ങൾക്കുപോലും റിപ്പോർട്ടിൽ ഇന്ത്യക്കുശേഷമാണ് ഇടം. ഇന്ത്യയിലെ സ്ത്രീകൾക്ക്‌ സാമൂഹികപ്രശ്നങ്ങളെക്കുറിച്ച്‌ നല്ല ബോധ്യമുണ്ട്”

-രേഖാ ശർമ

ദേശീയ വനിതാകമ്മിഷൻ അധ്യക്ഷ

യുദ്ധബാധിതരാജ്യമോ, ലോകത്തെ ഏറ്റവും ദരിദ്രരാജ്യമോ അല്ല ഇന്ത്യ. പക്ഷേ, ഇവിടത്തെ സ്ത്രീകളുടെ പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്നതിൽ അഫ്ഗാനിസ്താൻ, സിറിയ, സൊമാലിയ, യെമെൻ, നൈജീരിയ, കോംഗോ എന്നീ രാജ്യങ്ങളെക്കാൾ മോശമാണ് ഇന്ത്യ. യുദ്ധവും അഴിമതിയും ദാരിദ്ര്യവും രോഗങ്ങളും ബാധിച്ച രാജ്യങ്ങളാണ് മേൽപ്പറഞ്ഞവ

-മോണിക് വിയ

തോംസൺ റോയിട്ടേഴ്സ് ഫൗണ്ടേഷൻ