ന്യൂഡല്‍ഹി: മൂന്ന് പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് വാക്‌സിന്‍ നിര്‍മാണത്തിനുള്ള അംഗീകാരം റദ്ദാക്കിയ ആരോഗ്യമന്ത്രാലയത്തിന്റെ നടപടിയില്‍ അന്വേഷണം ആവശ്യപ്പെട്ട് ആരോഗ്യരംഗത്തെ സംഘടനകള്‍ വീണ്ടും സുപ്രീംകോടതിയെ സമീപിക്കുന്നു. നടപടി സ്വകാര്യമേഖലയെ സഹായിക്കാനായിരുന്നെന്നും സര്‍ക്കാരിന്റെ വാദങ്ങള്‍ മാത്രമാണ് നേരത്തേ കോടതി പരിഗണിച്ചതെന്നുമാണ് ഹര്‍ജിക്കാരുടെ നിലപാട്.

ചെന്നൈയിലെ ബി.സി.ജി. വാക്‌സിന്‍ ലബോറട്ടറി, കൂനൂരിലെ പാസ്ചര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യ, കൗശാലിയിലെ സെന്‍ട്രല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് എന്നിവയുടെ ലൈസന്‍സ് 2008-ലാണ് ആരോഗ്യമന്ത്രാലയം റദ്ദാക്കിയത്. ലോകാരോഗ്യ സംഘടന നിര്‍ദേശിക്കുന്ന മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. ഇതിനെതിരേ മുന്‍ ആരോഗ്യ സെക്രട്ടറി എസ്.പി. ശുക്ല കോടതിയെ സമീപിച്ചു. ഓള്‍ ഇന്ത്യ ഡ്രഗ് ആക്ഷന്‍ നെറ്റ്വര്‍ക്ക്, ലോ കോസ്റ്റ് സ്റ്റാന്‍ഡേര്‍ഡ് തെറാപ്യൂട്ടിക്‌സ്, മെഡികോ ഫ്രണ്ട് സര്‍ക്കിള്‍, സൊസൈറ്റി ഫോര്‍ സയന്റിഫിക് വാല്യൂസ് എന്നീ സംഘടനകള്‍ പിന്നീട് ഹര്‍ജിയില്‍ കക്ഷിചേര്‍ന്നു. പാര്‍ലമെന്ററി സമിതിയുടെയും ജാവിദ് ചൗധരി കമ്മിറ്റിയുടെയും റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചശേഷം 2010-ല്‍സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കിയെന്ന കേന്ദ്രസര്‍ക്കാരിന്റെ ഉറപ്പിലാണ് കേസ് സുപ്രീം കോടതി തീര്‍പ്പാക്കിയത്.

എന്നാലിവ പഴയനിലയില്‍ ഉത്പാദനം തുടങ്ങാനായിട്ടില്ലെന്നും ഇപ്പോഴും വാക്‌സിനുകള്‍ക്ക് സ്വകാര്യമേഖലയെയാണ് ആശ്രയിക്കുന്നതെന്നും സംഘടനകള്‍ ചൂണ്ടിക്കാട്ടി. ചെറിയതോതില്‍ മാത്രമാണ് ഈ പൊതുമേഖലാ യൂണിറ്റുകളില്‍നിന്ന് കേന്ദ്രം വാക്‌സിന്‍ വാങ്ങുന്നത്. കേന്ദ്രം 2008-ലെടുത്ത തീരുമാനം വാക്‌സിന്‍ നിര്‍മാണമേഖലയിലെ സ്വകാരവത്കരണത്തിനും വിലവര്‍ധനയ്ക്കും വഴിവെച്ചതായി ആരോഗ്യരംഗത്തെ സംഘടനകള്‍ ആരോപിക്കുന്നു. ഇതേക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ് പുതിയ ഹര്‍ജി നല്‍കുന്നത്.

തകര്‍ച്ചനേരിട്ട് പൊതുമേഖല

സ്വകാര്യ ഉപഭോക്താക്കളെ ആശ്രയിച്ചാണ് ഇപ്പോള്‍ മൂന്ന് സ്ഥാപനങ്ങളും നിലനില്‍ക്കുന്നത്. രാജ്യത്തെ സാര്‍വത്രിക പ്രതിരോധ കുത്തിവെപ്പ് പദ്ധതിക്കാവശ്യമായ 85 ശതമാനം മരുന്നുകളും ഈ സ്ഥാപനങ്ങളിലാണ് ഉത്പാദിപ്പിച്ചിരുന്നത്. എന്നാല്‍, ഇന്ന് 90 ശതമാനത്തിലധികം വാക്‌സിനുകളും സ്വകാര്യമേഖലയില്‍നിന്നാണ് സര്‍ക്കാര്‍ വാങ്ങുന്നത്.
-എന്‍. സരോജിനി, മെഡിക്കല്‍ ഫ്രണ്ട് സര്‍ക്കിള്‍