ന്യൂഡല്‍ഹി: വിശ്വാസങ്ങളുടെ പേരിലുള്ള അക്രമം അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. പ്രതിമാസ റേഡിയോ പ്രഭാഷണപരമ്പരയായ 'മന്‍ കി ബാത്തി'ലാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. ദേരാ സച്ചാ സൗദ തലവന്‍ ഗുര്‍മീത് രാം റഹീമിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് ഉത്തരേന്ത്യയില്‍ അക്രമം വ്യാപകമായ പശ്ചാത്തലത്തിലായിരുന്നു പ്രതികരണം. പ്രധാനമന്ത്രിക്കെതിരേ കഴിഞ്ഞ ദിവസം പഞ്ചാബ്-ഹരിയാണ ഹൈക്കോടതി ഈ വിഷയത്തില്‍ കടുത്ത വിമര്‍ശനമുയര്‍ത്തിയിരുന്നു.

വിശ്വാസങ്ങളുടെ മറവില്‍ നടക്കുന്ന അക്രമങ്ങള്‍ക്ക് ന്യായീകരണമില്ല. അത്തരം അക്രമങ്ങള്‍ സാമുദായികമായ വിശ്വാസസംഹിതയുടെയോ രാഷ്ട്രീയ ആശയത്തിന്റെയോ വ്യക്തികളുമായി ബന്ധപ്പെട്ട ആചാരാനുഷ്ഠാനങ്ങളുടെയോ ഭാഗമാണെങ്കില്‍പ്പോലും അനുവദിക്കാനാവില്ല. എല്ലാ മനുഷ്യര്‍ക്കും ഇന്ത്യന്‍ ഭരണഘടന നീതി ഉറപ്പാക്കിയിട്ടുണ്ട്. നിയമം കൈയിലെടുക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടിയുണ്ടാകുമെന്ന് ഉറപ്പുനല്‍കുന്നതായി പ്രധാനമന്ത്രി വ്യക്തമാക്കി.

എല്ലാവരും നിയമം അനുസരിക്കണം. കുറ്റക്കാരെ നിയമം അനുശാസിക്കുംവിധം ശിക്ഷിക്കും. ഇന്ത്യ വൈവിധ്യങ്ങളുടെ നാടാണ്. ജീവിതത്തിന്റെ എല്ലാ മേഖലയിലും വൈവിധ്യം കാത്തുസൂക്ഷിക്കുന്ന രാജ്യമാണിത്. ഒരുഭാഗത്ത് രാജ്യം ഉത്സവങ്ങളാഘോഷിക്കാനൊരുങ്ങുമ്പോള്‍ മറുഭാഗത്ത് അക്രമങ്ങള്‍ അരങ്ങേറുകയാണ്. ഇത് ആശങ്കപ്പെടുത്തുന്നു. ഈ രാജ്യം ഗാന്ധിജിയുടെയും ബുദ്ധന്റെയും നാടാണ്. രാജ്യത്തെ ഐക്യപ്പെടുത്തിയ സര്‍ദാര്‍ വല്ലഭഭായ് പട്ടേലിന്റെ നാടാണ്. നൂറ്റാണ്ടുകളായി അഹിംസയുടെയും സാഹോദര്യത്തിന്റെയും ഐക്യത്തിന്റെയും മൂല്യങ്ങള്‍ പഠിപ്പിക്കുന്ന നാടാണിതെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

നിറങ്ങളുടെ ഉത്സവത്തില്‍ ഓണം പ്രധാനം

ന്യൂഡല്‍ഹി:
നിറങ്ങളുടെ ഉത്സവങ്ങളില്‍ കേരളത്തിന്റെ ഓണം പരമപ്രധാനമെന്ന് മന്‍ കി ബാത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി. സാമൂഹിക-സാംസ്‌കാരിക പ്രസക്തികൊണ്ട് ഓണം ശ്രദ്ധേയമാണ്. കേരളത്തിന്റെ സാംസ്‌കാരിക പൈതൃകമാണ് ഈ ഉത്സവം പ്രതിഫലിപ്പിക്കുന്നത്. സ്‌നേഹം, സൗഹൃദം, പ്രതീക്ഷ, വിശ്വാസം എന്നിവ ജനങ്ങളില്‍ ജനിപ്പിക്കാന്‍ ഓണത്തിനു കഴിയുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

നവരാത്രി, ദുര്‍ഗാപൂജ, ഗണേശചതുര്‍ഥി, ഈദ്-ഉല്‍-സുഹ തുടങ്ങിയവയെക്കുറിച്ചും പ്രധാനമന്ത്രി പരാമര്‍ശിച്ചു. പ്രളയത്തെത്തുടര്‍ന്ന് അഴുക്കടിഞ്ഞുകൂടിയപ്പോള്‍, ജമാഅത്ത്-ഉലേമ-ഇ-ഹിന്ദ് എന്ന മുസ്ലിം സംഘടന ഗുജറാത്തിലെ 22 ക്ഷേത്രങ്ങളും ഒരു പള്ളിയും വൃത്തിയാക്കി മാതൃകകാട്ടിയെന്ന് അദ്ദേഹം പറഞ്ഞു. ഐക്യത്തിന്റെയും സ്വച്ഛതയുടെയും മികച്ച ഉദാഹരണമാണിതെന്ന് മോദി ചൂണ്ടിക്കാട്ടി.