ന്യൂഡൽഹി: രാജ്യത്തെ ആരോഗ്യമേഖലയിൽ ഏറ്റവും മികച്ച പ്രകടനമെന്ന് വാഴ്ത്തുമ്പോഴും കേരളത്തിലെ നവജാതശിശുക്കളിൽ തൂക്കക്കുറവ് കൂടുന്നുവെന്ന് റിപ്പോർട്ട്. ലോക്‌സഭ മണ്ഡലങ്ങളുടെ അടിസ്ഥാനത്തിൽ ഹാർവാഡ്‌ സർവകലാശാല തയ്യാറാക്കിയ ‘കുട്ടികളിലെ പോഷകാഹാരനില’ എന്ന റിപ്പോർട്ടിലാണ് വിവരം.

രണ്ടര കിലോഗ്രാമിനെക്കാൾ കുറഞ്ഞ തൂക്കത്തോടെ ജനിക്കുന്നതാണ് തൂക്കക്കുറവായി കണക്കാക്കുന്നത്. കേരളത്തിലെ അമ്മമാരിൽ വിളർച്ച കൂടുന്നതാണ് നവജാതശിശുക്കളിലെ തൂക്കക്കുറവിനു പ്രധാന കാരണം.

എന്നാൽ, തൂക്കക്കുറവ് ഏറ്റവും കുറഞ്ഞ 20 മണ്ഡലങ്ങളിൽ കേരളത്തിലെ ഒറ്റ മണ്ഡലം പോലുമില്ല. വടക്കുകിഴക്കൻ സംസ്ഥാനങ്ങളാണ് ഈ വിഭാഗത്തിൽ മുന്നിൽ. മിസോറം, നാഗാലാൻഡ്, സിക്കിം, ഔട്ടർ മണിപ്പുർ, ഇന്നർ മണിപ്പുർ എന്നിവയാണ് ആദ്യ അഞ്ചിലുൾപ്പെട്ട മണ്ഡലങ്ങൾ. മധ്യപ്രദേശിലെ മംദ്സോറിലാണ് തൂക്കക്കുറവുള്ള കുട്ടികൾ കൂടുതൽ ജനിക്കുന്നത്. റത്‌ലാം (മധ്യപ്രദേശ്), കരൗലി-ധൗൽപുർ (രാജസ്ഥാൻ), രാംപുർ (യു.പി.), സംഭാൽ (യു.പി.) എന്നിവയാണ് തൊട്ടുപിന്നിലുള്ള മണ്ഡലങ്ങൾ.

രാജ്യത്തെ 543 ലോക്‌സഭാ മണ്ഡലങ്ങളിലെയും വിവരങ്ങൾ അപഗ്രഥിക്കുന്ന ആദ്യ റിപ്പോർട്ടാണിത്. കുട്ടികളിലെ പോഷകാഹാരക്കുറവ് എന്ന വിഷയത്തിൽ ലോക്‌സഭാംഗങ്ങളുടെ കൂടുതൽ ഇടപെടൽ ആവശ്യമാണെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ഹാർവാഡിലെ പോപ്പുലേഷൻ ഹെൽത്ത് ആൻഡ് ജ്യോഗ്രഫി വകുപ്പിലെ പ്രൊഫ. എസ്.വി. സുബ്രഹ്മണ്യന്റെ നേതൃത്വത്തിലായിരുന്നു ഗവേഷണം. ഡൽഹിയിൽ നടന്ന ഏഷ്യൻ വെഞ്ച്വർ ഫിലാന്ത്രോപ്പി നെറ്റ്‌വർക്ക് സമ്മേളനത്തിലാണ് റിപ്പോർട്ട് പ്രകാശനം ചെയ്തത്.