കാഠ്മണ്ഡു: നേപ്പാളിലെ മുന്‍ പ്രധാനമന്ത്രിയും നേപ്പാളി കോണ്‍ഗ്രസ് അധ്യക്ഷനുമായിരുന്ന സുശീല്‍ കൊയ്രാള (77) അന്തരിച്ചു. ന്യൂമോണിയയെത്തുടര്‍ന്ന് സ്വവസതിയിലായിരുന്നു അന്ത്യം.

2014 ഫിബ്രവരിമുതല്‍ 2015 ഒക്ടോബര്‍വരെ നേപ്പാള്‍ പ്രധാനമന്ത്രിയായിരുന്നു. ശ്വാസകോശാര്‍ബുദത്തിന് അമേരിക്കയില്‍ ചികിത്സകഴിഞ്ഞ് മടങ്ങിവന്ന് ഏറെനാളായിട്ടില്ല. 1939-ല്‍ ഇന്ത്യയിലെ ബനാറസില്‍ ജനിച്ച കൊയ്രാള 1954-ല്‍ രാഷ്ട്രീയത്തില്‍ പ്രവേശിച്ചു. 1960-ല്‍ നേപ്പാളില്‍ രാജഭരണം വന്നതോടെ 16 വര്‍ഷം ഇന്ത്യയില്‍ രാഷ്ട്രീയാഭയാര്‍ഥിയായി കഴിഞ്ഞു. പാര്‍ട്ടിഫണ്ട് സ്വരൂപിക്കാന്‍ 1973-ല്‍ വിമാനം തട്ടിക്കൊണ്ടുപോയ കേസില്‍ ഇന്ത്യയില്‍ മൂന്നുവര്‍ഷം ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്.

രാജ്യത്തിന്റെ ആദ്യ ജനാധിപത്യ ഭരണഘടനാ രൂപവത്കരണത്തില്‍ നിര്‍ണായക സംഭാവനകള്‍ നല്‍കി. ലളിതജീവിതം, സൗമ്യവ്യക്തിത്വം എന്നിവകൊണ്ട് ശ്രദ്ധേയനായിരുന്നു. മുന്‍ പ്രധാനമന്ത്രിമാരായ മട്രിക പ്രസാദ് കൊയ്രാള, ഗിരിജ പ്രസാദ് കൊയ്രാള, വിശ്വേശ്വര്‍ പ്രസാദ് കൊയ്രാള എന്നിവര്‍ ബന്ധുക്കളാണ്.

രാഷ്ട്രപതി പ്രണബ് മുഖര്‍ജി, പ്രധാനമന്ത്രി നരേന്ദ്രമോദി, കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി, ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എന്നിവര്‍ അനുശോചിച്ചു. ഇന്ത്യയുമായി അടുത്തബന്ധം പുലര്‍ത്താന്‍ യത്‌നിച്ചയാളായിരുന്നു കൊയ്രാളയെന്ന് പ്രണബ് മുഖര്‍ജി പറഞ്ഞു. മികച്ച ഒരു സുഹൃത്തിനെയാണ് ഇന്ത്യക്ക് നഷ്ടമായതെന്ന് മോദി ട്വിറ്ററില്‍ കുറിച്ചു.

വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെ നേതൃത്വത്തിലുള്ള സര്‍വകക്ഷിസംഘം കൊയ്രാളയ്ക്ക് അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ നേപ്പാളിലെത്തി. കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ, ജെ.ഡി.യു. അധ്യക്ഷന്‍ ശരത് യാദവ്, സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ എന്നിവര്‍ സംഘത്തിലുണ്ട്.