ന്യൂഡൽഹി: ദുബായിലും നീറ്റ്(യു.ജി.) പരീക്ഷാകേന്ദ്രം പുതുതായി തുടങ്ങാൻ തീരുമാനിച്ചതായി വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ അറിയിച്ചു. പ്രവാസി ഇന്ത്യക്കാരുടെ അഭ്യർഥന മാനിച്ചാണ് നാഷണൽ ടെസ്റ്റിങ്‌ ഏജൻസി കേന്ദ്രം തുടങ്ങുന്നത്. നേരത്തേ കുവൈത്തിലും നീറ്റ് കേന്ദ്രം അനുവദിച്ചിരുന്നു.

കോവിഡ് നിയന്ത്രണങ്ങൾമൂലം നീറ്റ് പരീക്ഷയ്ക്ക് ഹാജരാകാനുള്ള ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടി ഒട്ടേറെ പ്രവാസികൾ വിദേശകാര്യ മന്ത്രാലയത്തെ സമീപിച്ചിരുന്നു. പ്രശ്നത്തിന് പരിഹാരം കാണണമെന്ന വിദേശകാര്യമന്ത്രാലയത്തിന്റെ അഭ്യർഥന മാനിച്ച് പ്രധാനമന്ത്രി ഇടപെടുകയായിരുന്നുവെന്ന് മന്ത്രി അറിയിച്ചു.