ചെന്നൈ: നീറ്റ് പരീക്ഷയിലെ ആൾമാറാട്ടവുമായി ബന്ധപ്പെട്ട് തമിഴ്‌നാട്ടിൽ വ്യാജഡോക്ടർമാരെ കേന്ദ്രീകരിച്ച് സി.ബി.സി.ഐ.ഡി. സംഘം അന്വേഷണം ആരംഭിച്ചു. നീറ്റ് പരീക്ഷയിൽ തട്ടിപ്പുനടത്തി എം.ബി.ബി.എസ്. പ്രവേശനം നേടിയ മുഹമ്മദ് ഇർഫാന്റെ പിതാവ് അറസ്റ്റിലായ മുഹമ്മദ് റാഫി വ്യാജ ഡോക്ടറാണെന്നു കണ്ടെത്തിയിരുന്നു. തുടർന്നാണ് അന്വേഷണം വ്യാജഡോക്ടർമാരിലേക്ക് നീങ്ങുന്നത്.
തമിഴ്‌നാട്ടിൽ കഴിഞ്ഞ വർഷത്തെ കണക്കുപ്രകാരം 800 വ്യാജഡോക്ടർമാരുണ്ടെന്നാണ് ഇന്ത്യൻ മെഡിക്കൽ കൗൺസിലിന്റെ റിപ്പോർട്ട്. പോലീസ് കഴിഞ്ഞവർഷം 162 വ്യാജഡോക്ടർമാരെ അറസ്റ്റുചെയ്തിരുന്നു. വ്യാജഡോക്ടർമാർ നീറ്റ് പരീക്ഷാ മാഫിയയുമായി ബന്ധപ്പെട്ടിട്ടുണ്ടോയെന്നാണ് ഇപ്പോൾ പ്രധാനമായും പരിശോധിക്കുന്നത്.
രണ്ടുവർഷംമുമ്പ് ചെന്നൈയിലും തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളിലും പകർച്ചപ്പനി ബാധിച്ചപ്പോൾ തിരുവള്ളൂർ ജില്ലയിൽ പനിബാധിച്ച് അഞ്ചുപേർ മരിച്ചിരുന്നു. വ്യാജഡോക്ടർമാർ ചികിത്സിച്ചതാണ് മരണകാരണമെന്ന് അന്നു കണ്ടെത്തുകയും ചെയ്തിരുന്നു. തുടർന്ന് പോലീസ് വ്യാജഡോക്ടർമാരെ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ സംസ്ഥാനത്ത് 800 വ്യാജഡോക്ടർമാരുണ്ടെന്നു കണ്ടെത്തി. നീറ്റ് മാഫിയയ്ക്ക് സഹായികളായി എത്ര വ്യാജഡോക്ടർമാർ പ്രവർത്തിച്ചിട്ടുണ്ടെന്നാണ് പോലീസ് പരിശോധിക്കുന്നത്.
പരാതികൾ ഉയരുമ്പോൾ പോലീസ് അന്വേഷണംനടത്തി വ്യാജഡോക്ടർമാരെ അറസ്റ്റുചെയ്യാറുണ്ടെങ്കിലും പിന്നീട് ജാമ്യത്തിലിറങ്ങും. അല്പകാലത്തിനുശേഷം വീണ്ടും പ്രാക്ടീസ് തുടങ്ങും. ഇപ്പോൾ അലോപ്പതി, ആയുർവേദം, ഹോമിയോ, സിദ്ധ വിഭാഗങ്ങളിലായി സംസ്ഥാനത്ത് ഒട്ടേറെ വ്യാജഡോക്ടർമാർ പ്രവർത്തിക്കുന്നുണ്ടെന്ന് സി.ബി.സി.ഐ.ഡി. അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. തിരുവള്ളൂർ, കാഞ്ചീപുരം, തിരുവണ്ണാമലൈ, വെല്ലൂർ, കടലൂർ, സേലം, നാമക്കൽ, ധർമപുരി എന്നീ ജില്ലകൾ കേന്ദ്രീകരിച്ചാണ് കൂടുതൽ വ്യാജഡോക്ടർമാർ പ്രവർത്തിക്കുന്നത്.
Content highlights: NEET scam Chennai doctors