ചെന്നൈ: നീറ്റ് പരീക്ഷയിൽ 117 ചോദ്യങ്ങൾക്ക് ഉത്തരമെഴുതിയ കാഞ്ചീപുരത്തെ വിദ്യാർഥിയുടെ ഒ.എം.ആർ. (ഒപ്റ്റിക്കൽ മാർക്ക് റെക്കഗ്‌നിഷൻ) ഷീറ്റിലുള്ളത് ആറ് ഉത്തരം മാത്രം. നീറ്റ് പരീക്ഷയിൽ ക്രമക്കേട് നടന്നുവെന്നാരോപിച്ച് ആയുഷ് എന്ന വിദ്യാർഥി, ദേശീയ പരീക്ഷാബോർഡിനും പ്രധാനമന്ത്രിയുടെ ഓഫീസിനും പരാതി അയച്ചു.

ഈമാസം 15-നാണ് ഒ.എം.ആർ. ഷീറ്റ് ഫലം പുറത്തുവിട്ടത്. അന്നുതന്നെയാണ് പരാതി അയച്ചത്. എന്നാൽ, ഇതുവരെ പ്രധാനമന്ത്രിയുടെ ഓഫീസിൽനിന്നോ ദേശീയ പരീക്ഷാ കൗൺസിലിൽനിന്നോ മറുപടി ലഭിച്ചിട്ടില്ലെന്ന് ആയുഷ് പറഞ്ഞു. ഉത്തരക്കടലാസ് പുനഃപരിശോധന നടത്തണമെന്നാവശ്യപ്പെട്ട് ഒരു ചോദ്യത്തിന് 200 രൂപ എന്നതോതിൽ പണമടച്ച് ദേശീയ പരീക്ഷാ ബോർഡിന് അപേക്ഷ അയച്ചിട്ടുണ്ട്.

നീറ്റ് പരീക്ഷാഫലം ഒരാഴ്ചയ്ക്കുള്ളിൽ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒ.എം.ആർ. ഷീറ്റിൽ ഉണ്ടായപ്രശ്നം പരീക്ഷാഫലത്തിലും പ്രതിഫലിക്കുമോയെന്ന ഭയത്തിലാണ് ആയുഷും കുടുംബവും.