ന്യൂഡല്‍ഹി: മെഡിക്കല്‍ പ്രവേശനപ്പരീക്ഷയായ നീറ്റ് എഴുതാന്‍ ആധാര്‍നമ്പര്‍ നിര്‍ബന്ധമാക്കരുതെന്ന് സുപ്രീംകോടതി. മറ്റ് ദേശീയ പരീക്ഷകള്‍ക്കും ഇത് ബാധകമാണ്. ആധാര്‍ നിര്‍ബന്ധമല്ലെന്ന അറിയിപ്പ് വെബ്‌സൈറ്റില്‍ നല്‍കണമെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ അധ്യക്ഷതയിലുള്ള അഞ്ചംഗ ബെഞ്ച് സി.ബി.എസ്.ഇ.ക്ക് നിര്‍ദേശം നല്‍കി.

2018-ലെ നീറ്റ് പരീക്ഷ എഴുതാന്‍ സി.ബി.എസ്.ഇ. ആധാര്‍ നമ്പര്‍ നിര്‍ബന്ധമാക്കിയിരുന്നു. ഇത് ചോദ്യംചെയ്ത് സമര്‍പ്പിച്ച ഹര്‍ജി ഗുജറാത്ത് ഹൈക്കോടതി തള്ളി. ഇതിനെതിരേ നല്‍കിയ അപ്പീലിലാണ് സുപ്രീംകോടതിയുടെ നിര്‍ദേശം.

നീറ്റിന് ആധാര്‍ നമ്പര്‍ നിര്‍ബന്ധമാക്കണമെന്ന് സി.ബി.എസ്.ഇ.ക്ക് നിര്‍ദേശം നല്‍കിയിരുന്നില്ലെന്ന് സവിശേഷ തിരിച്ചറിയല്‍ അതോറിറ്റി (യു.ഐ.ഡി.എ.ഐ.) കോടതിയെ അറിയിച്ചു. ജമ്മു കശ്മീര്‍, മേഘാലയ, അസം എന്നിവിടങ്ങളില്‍ അനുമതി നല്‍കിയതുപോലെ പാസ്‌പോര്‍ട്ട്, റേഷന്‍ കാര്‍ഡ്, വോട്ടര്‍ കാര്‍ഡ് എന്നിവ ഉപയോഗിച്ച് നീറ്റിനും അപേക്ഷിക്കാമെന്ന് അതോറിറ്റിക്കുവേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍ ബോധിപ്പിച്ചു.