ന്യൂഡൽഹി: മെഡിക്കൽ കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷ (നീറ്റ്- യു.ജി) മാറ്റിവെക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. സെപ്റ്റംബർ 12-നാണ് പരീക്ഷ. നീറ്റിന്റെ നടപടിക്രമങ്ങളിൽ ഇടപെടാൻ ഉദ്ദേശിക്കുന്നില്ലെന്നും പരീക്ഷത്തീയതി മാറ്റാൻ ഉത്തരവിടുന്നത് നീതിയുക്തമല്ലെന്നും ജസ്റ്റിസ് എ.എം. ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

ഒന്നിലേറെ പരീക്ഷകൾ എഴുതാനുള്ള വിദ്യാർഥികൾക്ക് മുൻഗണന നിശ്ചയിച്ച് ആവശ്യമായത് തിരഞ്ഞെടുക്കാവുന്നതാണ്. എല്ലാവർക്കും തൃപ്തികരമായ തീയതി കണ്ടെത്താനാവില്ല. അതേസമയം, പരീക്ഷ മാറ്റിവെക്കണമെന്ന ആവശ്യവുമായി പരാതിക്കാർക്ക് ബന്ധപ്പെട്ട അധികൃതരെ സമീപിക്കാമെന്നും ബെഞ്ച് വ്യക്തമാക്കി.

കാൽ ലക്ഷത്തോളം വിദ്യാർഥികൾ പന്ത്രണ്ടാം ക്ലാസിന്റെ കംപാർട്ട്‌മെന്റ് പരീക്ഷയോ ഇംപ്രൂവ്‌മെന്റ് പരീക്ഷയോ എഴുതുന്നുണ്ടെന്ന് പരാതിക്കാർക്കുവേണ്ടി അഡ്വ. ഷോയിബ് ആലം അറിയിച്ചു. എന്നാൽ ഒരു ശതമാനം വിദ്യാർഥികൾക്കു വേണ്ടി 99 ശതമാനത്തെ ബുദ്ധിമുട്ടിക്കാനാവില്ലെന്ന് ബെഞ്ച് നിരീക്ഷിച്ചു.

നീറ്റ് യു.ജി. പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാർഡുകൾ ഈമാസം ഒമ്പതിനു ലഭിച്ചേക്കും. പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തവർക്ക് neet.nta.nic.in എന്ന വെബ്‌സൈറ്റിൽനിന്ന് കാർഡ് ഡൗൺലോഡ് ചെയ്യാം.