ന്യൂഡൽഹി: മെഡിക്കൽ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷ തമിഴിൽ എഴുതിയവർക്ക് 196 മാർക്ക് അധികം നൽകണമെന്ന മദ്രാസ് ഹൈക്കോടതി ഉത്തരവിനെത്തുടർന്നുണ്ടായ അനിശ്ചിതത്വം തുടരുന്നു. മെഡിക്കൽ കൗൺസലിങ് കമ്മിറ്റി വ്യാഴാഴ്ച പ്രഖ്യാപിക്കേണ്ടിയിരുന്ന രണ്ടാംഘട്ട അലോട്ട്‌മെന്റ് മാറ്റിവെച്ചിരിക്കുകയാണ്. വിധിക്കെതിരേ സി.ബി.എസ്.ഇ. സുപ്രീംകോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണെന്ന് മാനവവിഭവശേഷി മന്ത്രാലയ വൃത്തങ്ങൾ പറഞ്ഞു.
സുപ്രീംകോടതിയിൽ അപ്പീൽ നൽകുന്നതുസംബന്ധിച്ച് സി.ബി.എസ്.ഇ.യിലെയും മാനവവിഭവശേഷി മന്ത്രാലയത്തിലെയും ഉദ്യോഗസ്ഥർ ചർച്ച തുടരുകയാണ്. നിയമോപദേശം തേടിയശേഷമായിരിക്കും സുപ്രീംകോടതിയെ സമീപിക്കുകയെന്നും മന്ത്രാലയ വൃത്തങ്ങൾ പറഞ്ഞു.
പ്രാദേശിക ഭാഷയിൽ പരീക്ഷയെഴുതുന്നവർക്ക് ചോദ്യങ്ങൾ സംബന്ധിച്ച് എന്തെങ്കിലും സംശയമുണ്ടായാൽ ഇംഗ്ലീഷിലുള്ള ചോദ്യക്കടലാസുമായി ഒത്തുനോക്കി സംശയനിവാരണം വരുത്തണമെന്ന് പരീക്ഷാർഥികൾക്കുള്ള മാർഗനിർദേശത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇത് സുപ്രീംകോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി ഹൈക്കോടതി ഉത്തരവ് റദ്ദാക്കാനാകും സി.ബി.എസ്.ഇ. ശ്രമിക്കുക. സുപ്രീംകോടതിയെ സമീപിക്കുന്നതുസംബന്ധിച്ച് ചർച്ചനടന്നുവരികയാണെന്ന് സി.ബി.എസ്.ഇ. സീനിയർ പബ്ലിക് റിലേഷൻസ് ഓഫീസർ രമാ ശർമ പറഞ്ഞു.
അതേസമയം, സി.പി.എം. രാജ്യസഭാ എം.പി. ടി.കെ. രംഗരാജൻ സുപ്രീംകോടതിയിൽ തടസ്സഹർജി നൽകി. മദ്രാസ് ഹൈക്കോടതിവിധിക്കെതിരേ സി.ബി.എസ്.ഇ. അപ്പീൽ നൽകിയാൽ തന്റെ വാദം കേൾക്കാതെ ഉത്തരവിന് സ്റ്റേ നൽകരുതെന്നാവശ്യപ്പെട്ടാണ് തടസ്സഹർജി നൽകിയത്.
തമിഴ് ചോദ്യക്കടലാസിലെ 49 ചോദ്യങ്ങളിലെ പിഴവ് ചൂണ്ടിക്കാട്ടി രംഗരാജൻ നൽകിയ പൊതുതാത്പര്യ ഹർജിയിലാണ് മദ്രാസ് ഹൈക്കോടതി തമിഴ് വിദ്യാർഥികൾക്ക് അധികമാർക്ക് നൽകാൻ ഉത്തരവിട്ടത്.