പുണെ: രാജ്യത്ത് കോവിഡ് വ്യാപനം വർധിക്കുന്നതിനിടെ പ്രതിരോധകുത്തിവെപ്പിനുള്ള വാക്സിന്റെ ഉത്‌പാദനം കൂട്ടാൻ 3000 കോടി രൂപയുടെ സാമ്പത്തികസഹായം സർക്കാർ നൽകണമെന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ട് മേധാവി അദാർ പുനാവാല ആവശ്യപ്പെട്ടു. ബ്രിട്ടനിലെ ആസ്ട്രസെനെക്കയും ഓക്സ്ഫഡ് സർവകലാശാലയുമായി ചേർന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ട് നിർമിച്ച കോവീഷീൽഡ് വാക്സിന്റെ 10 കോടി ഡോസുകൾ സബ്സിഡി നിരക്കിലാണ് രാജ്യത്ത് നൽകിയിട്ടുള്ളത്.

ഡോസിന് 1500 രൂപയോളം വിലയുള്ള കോവീഷീൽഡ് വാക്സിൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആവശ്യപ്രകാരം 160 രൂപയിലും കുറച്ചാണ് നൽകിയിട്ടുള്ളത്. ഇതിന്റെ ഉത്‌പാദനത്തിന് അനേകം കോടിരൂപ കമ്പനി ഇതുവരെ ചെലവഴിച്ചിട്ടുണ്ട്. കോവിഡ് പ്രതിരോധനടപടികളിൽ രാജ്യത്തെ സഹായിക്കാൻ ലാഭം വേണ്ടെന്നുവെച്ചാണ് തുച്ഛവിലയ്ക്ക് സർക്കാരിന് വാക്സിൻ നൽകിയത്.

പ്രതിദിനം 20 ലക്ഷം ഡോസ് കോവീഷീൽഡ് വാക്സിനാണ് കമ്പനി നിലവിൽ ഉത്‌പാദിപ്പിക്കന്നത്. കോവിഡ് വ്യാപനം കൂടിയ സാഹചര്യത്തിൽ വാക്സിന്റെ ഉത്‌പാദനം വർധിപ്പിക്കേണ്ട സാഹചര്യമാണുള്ളത്. അതിനാൽ ജൂൺ മുതൽ മാസംതോറും 11 കോടി ഡോസ് വാക്സിൻ ഉത്‌പാദിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. കമ്പനിയുടെ ഉത്‌പാദനശേഷി കൂട്ടാൻ പല നൂതനമാർഗങ്ങളും സ്വീകരിക്കേണ്ടതുണ്ട്. അതിനാണ് 3000 കോടിരൂപയുടെ സഹായം സർക്കാരിനോട് ആവശ്യപ്പെടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Content Highlights:  Need Rs 3,000-cr grant to boost vaccine capacity beyond 100mn per month, says Serum Institute