ബിഹാർ തിരഞ്ഞെടുപ്പ് കേന്ദ്രത്തിലെ മോദി ഭരണത്തിന്റെയും 15 വർഷത്തെ നിതീഷ് സർക്കാരിന്റെയും പ്രവർത്തനങ്ങളുടെ വിലയിരുത്തലായിരിക്കുമെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിങ്. പ്രധാനമന്ത്രിയുടെ നേതൃത്വത്തിലാണ് ബി.ജെ.പി. തിരഞ്ഞെടുപ്പിനെ നേരിടുന്നത്. എൻ.ഡി.എ.യിൽ ആശയക്കുഴപ്പങ്ങളില്ലെന്നും ഗിരിരാജ് സിങ് പട്‌നയിലെ ബി.ജി.പി. ആസ്ഥാനത്തുവെച്ച് മാതൃഭൂമിയോട് പറഞ്ഞു.

? മഹാസഖ്യം ബി.ജെ.പി.ക്കും എൻ.ഡി.എ.യ്ക്കും ഇത്തവണ കനത്ത വെല്ലുവിളിയാണല്ലോ ഉയർത്തിയിരിക്കുന്നത്

=മഹാസഖ്യം ഒരു കാരണവശാലും വെല്ലുവിളിയല്ല. ആർ.ജെ.ഡി.യുടെ സഖ്യകക്ഷിയായ സി.പി.ഐ.എം.എൽ തീവ്രവാദികളുടെ പാർട്ടിയാണ്. ലാലുവിന്റെ ഭരണകാലത്ത് സമൂഹത്തിൽ വിദ്വേഷവും ഭിന്നിപ്പുമാണ് നിലനിന്നത്. അത് തിരിച്ചുകൊണ്ടുവരാനാണ് മഹാസഖ്യത്തിന്റെ ശ്രമം. ജിന്നാവാദികളും സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കുന്നവരുമാണ് മഹാസഖ്യത്തിലുള്ളത്. ലാലുവിന്റെ അതേ ഭാഷയിലാണ് തേജസ്വിയും സംസാരിക്കുന്നത്.

? നിതീഷിനെ ഒതുക്കാൻ ചിരാഗ് പാസ്വാനുമായി ബി.ജെ.പി. രഹസ്യധാരണയുണ്ടാക്കിയിട്ടുണ്ടെന്ന് ജനങ്ങൾക്ക് സംശയമുണ്ട്.

= ചിരാഗ് മഹാസഖ്യത്തിനൊപ്പമാണെന്നാണ് ഞങ്ങൾക്ക് തോന്നുന്നത്. ഇതുവരെ ചിരാഗ് ആർ.ജെ.ഡി.ക്കോ കോൺഗ്രസിനോ എതിരേ ഒന്നും പറഞ്ഞിട്ടില്ല. മോദി തന്റെ ഹൃദയത്തിലുണ്ടെന്ന് പറയുക, എന്നിട്ട് മോദിയെ എതിർക്കുന്നവർക്ക് അനുകൂലമായി മൗനം പാലിക്കുക. മത്സരത്തിൽ നിങ്ങൾക്ക് തുറന്ന സമീപനമായിരിക്കണം. എൻ.ഡി.എ.യിൽ ഇതൊന്നും സംബന്ധിച്ച് ഒരാശയക്കുഴപ്പവുമില്ല.

? അങ്ങനെയെങ്കിൽ എന്തുകൊണ്ടാണ് ബി.ജെ.പി.യുടെ പ്രചാരണങ്ങളിലൊരിടത്തും നിതീഷിന്റെ ചിത്രം കാണാത്തത്.

= ഇതൊക്കെ എതിരാളികൾ പ്രചരിപ്പിക്കുന്നതാണ്. ബി.ജെ.പി. എൻ.ഡി.എ.യുടെ ഭാഗമായാണ് മത്സരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന്റെ നേതാവാണ്. അതിനാൽ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ബി.ജെ.പി. തിരഞ്ഞെടുപ്പിനെ നേരിടുന്നു. എൻ.ഡി.എ.യുടെ ഭാഗമായതിനാൽ നിതീഷും ഒപ്പമുണ്ട്.

? വികസനമാണല്ലോ എൻ.ഡി.എ. തിരഞ്ഞെടുപ്പുകളിൽ പതിവായി ഉയർത്താറുള്ള മുദ്രാവാക്യം. എന്നാൽ, ലാലുവിന്റെ പഴയ കാട്ടുഭരണം തിരിച്ചുവരുമെന്ന ഭയപ്പെടുത്തലാണ് പ്രചാരണവേദികളിൽ ഇക്കുറി ഉയരുന്നത്. എന്തുകൊണ്ടാണത്.

=വികസനം ചർച്ചചെയ്യാൻ മഹാസഖ്യത്തിന് ധൈര്യമില്ല. എൻ.ഡി.എ. സർക്കാരിന്റെ 15 വർഷത്തെ വികസനത്തെക്കുറിച്ച് ചർച്ചചെയ്യാൻ ഞങ്ങൾ തയ്യാറാണ്. എത്രയോ വികസനം ഇവിടെ നടപ്പാക്കി. കിട്ടിയ ആനുകൂല്യങ്ങളെക്കുറിച്ച് പാവപ്പെട്ട ജനങ്ങളോട് ചോദിക്കൂ.

? ബിഹാറിന് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ എന്തു നൽകിയെന്നാണ് തേജസ്വിയുടെ ചോദ്യം

=തേജസ്വി യാദവ് കണ്ണടമാറ്റി ബിഹാറിലേക്ക് നോക്കുക. നിങ്ങളുടെ അച്ഛന്റെ കാലത്തെ ഭരണത്തിന്റെ ചിത്രം കാണുക. എന്നിട്ട് അതിനുശേഷമുള്ള ബിഹാറിന്റെ ചിത്രം നോക്കുക. പ്രധാനമന്ത്രി ലക്ഷക്കണക്കിന് കോടിരൂപയാണ് ബിഹാറിന് അനുവദിച്ചത്. റോഡ്, വൈദ്യുതി, വെള്ളം എന്നിവയെല്ലാം ഗ്രാമങ്ങൾ തോറുമെത്തിക്കാൻ സംസ്ഥാന സർക്കാരിന് സാധിച്ചു.

? എൻ.ഡി.എ. സഖ്യത്തിന് എത്ര സീറ്റുകിട്ടും.

2010-ൽ കിട്ടിയതിനെക്കാൾ അധികം സീറ്റുകൾ ഇത്തവണ ലഭിക്കും.