ന്യൂഡല്‍ഹി: ഹിന്ദിഹൃദയഭൂമിയിൽ ബി.ജെ.പി.യുടെ മേധാവിത്വം ആവർത്തിച്ചുകൊണ്ട് എൻ.ഡി.എ. കേന്ദ്രഭരണം നിലനിർത്തുമെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ. എന്നാൽ, ബി.ജെ.പി.യുടെ സീറ്റെണ്ണത്തിൽ 2014-നെക്കാൾ കുറവുണ്ടായേക്കുമെന്നാണ് സർവേകൾ പറയുന്നത്. 2014-ൽ ബി.ജെ.പി.യുടെ 282 സീറ്റടക്കം 336 സീറ്റാണ് എൻ.ഡി.എ.യ്ക്കു ലഭിച്ചത്. ഇക്കുറി മുന്നണിക്ക് 242 മുതൽ 336 വരെ സീറ്റാണ് എക്സിറ്റ് പോളുകൾ പ്രവചിക്കുന്നത്. പുറത്തുവന്ന സർവേയിൽ ഒന്നുപോലും കോൺഗ്രസിന്റെയോ യു.പി.എ.യുടെയോ മുന്നേറ്റം പ്രവചിക്കുന്നില്ലെന്നത് ശ്രദ്ധേയമാണ്. കേരളത്തിൽ ഭൂരിപക്ഷം സർവേകളിലും യു.ഡി.എഫിനാണു മുൻതൂക്കം.

പ്രമുഖ മാധ്യമപ്രവർത്തകനായ മാർക് ടുളിയും രാഷ്ട്രീയനീരീക്ഷകൻ യോഗേന്ദ്ര യാദവും തിരഞ്ഞെടുപ്പിനുമുമ്പ് മാതൃഭൂമിക്കു നൽകിയ അഭിമുഖങ്ങളിലെ നിരീക്ഷണങ്ങൾ ശരിവെക്കുന്ന ഫലങ്ങളാണ് ഞായറാഴ്ച എക്സിറ്റ് പോളുകൾ പുറത്തുവിട്ടത്. ബി.ജെ.പി.ക്ക് സീറ്റു കുറയുമെങ്കിലും എൻ.ഡി.എ. സർക്കാരുണ്ടാക്കുമെന്നും നരേന്ദ്രമോദി പ്രധാനമന്ത്രിസ്ഥാനത്തു തുടരുമെന്നുമായിരുന്നു ഇരുവരുടെയും നിരീക്ഷണം.

2014-ൽ കൈയയച്ച് പിന്തുണച്ച ചില സംസ്ഥാനങ്ങളിലെങ്കിലും ഇത്തവണ ബി.ജെ.പി.ക്കു ക്ഷീണമുണ്ടാകും. എന്നാൽ, ബംഗാൾ, ഒഡിഷ തുടങ്ങിയ സംസ്ഥാനങ്ങളിൽ ഇത്തവണയുണ്ടാക്കുന്ന നേട്ടത്തിലൂടെ ബി.ജെ.പി. ഒരുപരിധിവരെ ഇതിനെ മറികടക്കും. ഉത്തർപ്രദേശിൽ മഹാസഖ്യവും പഞ്ചാബിൽ കോൺഗ്രസും ബി.ജെ.പി.യുടെ മുന്നേറ്റത്തെ പ്രതിരോധിക്കുമെന്ന് വ്യത്യസ്ത പോൾഫലങ്ങൾ ചൂണ്ടിക്കാട്ടുന്നു.

img

ഉത്തർപ്രദേശായിരുന്നു 2014-ൽ ബി.ജെ.പി.യെ അധികാരത്തിലേറ്റിയത്. 80-ൽ 71 സീറ്റ് ബി.ജെ.പി. അന്നു നേടി. ഇതിനുപുറമെ സഖ്യകക്ഷിയായ അപ്‌നാദൾ രണ്ടു സീറ്റു സ്വന്തമാക്കി. എന്നാൽ, യു.പി.യിൽ ഇക്കുറി എസ്.പി-ബി.എസ്.പി. സഖ്യം 56 സീറ്റു നേടുമെന്നാണ് എ.ബി.പി. സർവേ പറയുന്നത്. ബി.ജെ.പി. 22 സീറ്റിൽ ഒതുങ്ങും. അതേസമയം, ഉത്തർപ്രദേശിൽ 65 സീറ്റും ബി.ജെ.പി.ക്കു ലഭിക്കുമെന്നാണ് ചാണക്യയുടെ പ്രവചനം.

ബിഹാറിൽ കഴിഞ്ഞതവണ നേടിയ സീറ്റെണ്ണം ബി.ജെ.പി.-ജെ.ഡി.യു. സഖ്യം വർധിപ്പിക്കാനാണ് സാധ്യതയെന്നാണു വിലയിരുത്തൽ. 2014-ൽ എൻ.ഡി.എ. 33 സീറ്റാണ് നേടിയതെങ്കിൽ ഇത്തവണ 34 നേടുമെന്നാണു പ്രവചനം. പടലപ്പിണക്കങ്ങളിൽ കുടുങ്ങിയ മഹാസഖ്യം ആറുസീറ്റിൽ ഒതുങ്ങും. അതേസമയം, കനത്ത രാഷ്ട്രീയയുദ്ധം അരങ്ങേറിയ ബംഗാളിൽ ബി.ജെ.പി. നേട്ടമുണ്ടാക്കുമെന്നാണു പ്രവചനം. ഒഡിഷയിലും ബി.ജെ.പി. കടന്നുകയറും.

കർണാടക ഒഴികെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഇക്കുറിയും ബി.ജെ.പി.ക്കു സ്വാധീനമുണ്ടാക്കാനായിട്ടില്ലെന്നു സർവേഫലങ്ങൾ പറയുന്നു. ഈ സംസ്ഥാനങ്ങളിൽ കോൺഗ്രസോ പ്രാദേശികപാർട്ടികളോ മേധാവിത്വം തുടരുന്നതായാണ് എക്സിറ്റ് പോളുകൾ പ്രവചിക്കുന്നത്. കേരളത്തിൽ ഒരു സീറ്റ് ബി.ജെ.പി. നേടുമെന്ന് ചില സർവേകൾ ചൂണ്ടിക്കാട്ടുന്നുണ്ട്. തമിഴ്നാട്ടിൽ ഡി.എം.കെ.-കോൺഗ്രസ് സഖ്യം മികച്ചനേട്ടം കൈവരിക്കുമെന്ന് സർവേഫലങ്ങൾ പറയുന്നു.

എക്സിറ്റ് പോളുകളുടെ ഫലങ്ങൾ പുറത്തുവന്നതോടെ രാഷ്ട്രീയകേന്ദ്രങ്ങളിൽ ചർച്ചകൾ സജീവമായി. പ്രവചനങ്ങൾ പാളിയ ചരിത്രമുള്ളതിനാൽ വോട്ടെണ്ണൽ ദിനത്തിലേക്കാണ് പ്രധാന രാഷ്ട്രീയപാർട്ടികളുടെ കാത്തിരിപ്പ്. സീറ്റെണ്ണം കാര്യമായി കുറഞ്ഞാൽ എൻ.ഡി.എ.ക്ക് പുറത്തു നിൽക്കുന്ന ടി.ആർ.എസ്, വൈ.എസ്.ആർ. കോൺഗ്രസ് തുടങ്ങിയ കക്ഷികളെ പിടിക്കാനായിരിക്കും ബി.ജെ.പി.യുടെ ശ്രമം.

Content highlights: NDA will win in 2019 Election says Exit polls