ന്യൂഡൽഹി: പഞ്ചാബ് പി.സി.സി. അധ്യക്ഷസ്ഥാനം രാജിവെച്ച നവജോത് സിങ് സിദ്ദു ഹൈക്കമാൻഡുമായി ചർച്ചയ്ക്ക് ഡൽഹിയിലെത്തി. കോൺഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയിൽ പൂർണവിശ്വാസമുണ്ടെന്നും അവരുടെ ഏതു തീരുമാനവും തനിക്ക് സ്വീകാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, ജനറൽസെക്രട്ടറി കെ.സി. വേണുഗോപാൽ, പഞ്ചാബിന്റെ ചുമതലയുള്ള ഹരീഷ് റാവത്ത് എന്നിവരുമായി സിദ്ദു വെള്ളിയാഴ്ച ചർച്ച നടത്തി. അധ്യക്ഷപദം രാജിവെച്ചുകൊണ്ട്‌ കത്തു കൈമാറിയശേഷം ആദ്യമായാണ് അദ്ദേഹം ചർച്ചയ്ക്കെത്തുന്നത്. രാജിക്കത്ത് ഇതുവരെ ഹൈക്കമാൻഡ് സ്വീകരിച്ചിട്ടില്ല.

സിദ്ദുവിനോട് പഞ്ചാബ് പി.സി.സി. അധ്യക്ഷപദവിയിൽ തുടരാൻ നിർദേശിച്ചിട്ടുണ്ടെന്ന് ഹരീഷ് റാവത്ത് ചർച്ചയ്ക്കുശേഷം പ്രതികരിച്ചു. ഇതുസംബന്ധിച്ച തീരുമാനം സിദ്ദു ശനിയാഴ്ച പ്രഖ്യാപിക്കുമെന്ന് വിശ്വസ്ത കേന്ദ്രങ്ങൾ അറിയിച്ചു.

പഞ്ചാബിലെ മന്ത്രിസഭയിൽ തനിക്ക് താത്പര്യമില്ലാത്തവരെ ഉൾപ്പെടുത്തിയതിലും തന്നോട് ആലോചിക്കാതെ ഉദ്യോഗസ്ഥ തലപ്പത്ത് അഴിച്ചുപണി നടത്തിയതിലും പ്രതിഷേധിച്ചാണ് സിദ്ദു രാജിക്കത്ത് കൈമാറിയത്. തുടർന്ന് മുഖ്യമന്ത്രി ചരൺജിത് സിങ് ചന്നി അദ്ദേഹവുമായി നടത്തിയ ചർച്ചയിൽ പി.സി.സി. അധ്യക്ഷസ്ഥാനത്തു തുടരാമെന്ന ധാരണയിലെത്തിയതായാണ് റിപ്പോർട്ട്.