ചണ്ഡിഗഢ്: ഇമ്രാൻ ഖാന്റെ സത്യപ്രതിജ്ഞാ ചടങ്ങിനിടെ പാക് കരസേനാ മേധാവി ജാവേദ് ബജ്‌വയെ ആലിംഗനം ചെയ്തതിന് പഞ്ചാബ് മന്ത്രിയും മുൻ ക്രിക്കറ്റ് താരവുമായ നവ്‌ജോത് സിങ് സിദ്ദുവിനെതിരേ കേസ്. അഭിഭാഷകനായ സുദ്ധുർ ഓജയാണ് ബിഹാറിലെ മുസഫർനഗർ ചീഫ് മജിസ്‌ട്രേറ്റ് കോടതിയിൽ പരാതി നല്കിയത്.

ഇന്ത്യൻ സൈന്യത്തെ അപമാനിച്ചതിനൊപ്പം രാജ്യത്തെ ജനങ്ങളെയും സിദ്ദു വേദനിപ്പിച്ചു. രാജ്യദ്രോഹക്കുറ്റംം അടക്കമുള്ള വകുപ്പുകൾ പ്രകാരമാണു പരാതി. പരാതി സ്വീകരിച്ച കോടതി അടുത്തയാഴ്ച കേസിൽ വാദംകേൾക്കും.

വിഷയത്തിൽ സിദ്ദുവിനെതിരേ രൂക്ഷവിമർശനവുമായി ബി.ജെ.പി., അകാലി ദൾ നേതാക്കൾ രംഗത്തെത്തി. അതേസമയം, വിഷയത്തിൽ ഉചിതമായ സമയത്ത് മറുപടി നൽകുമെന്ന് സിദ്ദു പ്രതികരിച്ചു. പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്ത ഏക ഇന്ത്യക്കാരനാണ് സിദ്ദു.