ന്യൂഡൽഹി: പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ്, മന്ത്രിയും മുൻ ക്രിക്കറ്റ് താരവുമായ നവജോത് സിങ് സിദ്ധു എന്നിവർ തമ്മിലുള്ള ശീതയുദ്ധം മുറുകി.

ദിവസങ്ങളായി ഇരുവരും തുടരുന്ന വാക്പോരിനിടെ വ്യാഴാഴ്ച സിദ്ധുവിന്‌ തദ്ദേശസ്വയംഭരണ വകുപ്പ് നഷ്ടമായി. ഇതോടെ ഊർജവകുപ്പിന്റെ ചുമതലക്കാരൻ മാത്രമായി അദ്ദേഹം.

നാലുപേരൊഴികെ മറ്റു മന്ത്രിമാരുടെയെല്ലാം വകുപ്പുകളിൽ മാറ്റമുണ്ടായിട്ടുണ്ട്. എന്നാൽ, സിദ്ധുവിന്റെ വകുപ്പുനഷ്ടം രാഷ്ട്രീയവിരോധമായാണ് നിരീക്ഷകർ കാണുന്നത്. മന്ത്രിമാർക്ക് പുതുമയനുഭവപ്പെടാനും കൂടുതൽ ഫലപ്രദമായി കാര്യങ്ങൾ ചെയ്യാനുമാണ് വകുപ്പുമാറ്റമെന്ന് മുഖ്യമന്ത്രി അമരീന്ദറിന്റെ അവകാശവാദം.

മന്ത്രിസഭായോഗത്തിൽ പങ്കെടുക്കാതെ ഫെയ്‌സ്ബുക്കിലൂടെ തത്സമയം മാധ്യമങ്ങളെ അഭിസംബോധന ചെയ്തതിനു പിന്നാലെയാണ് സിദ്ധുവിന്‌ വകുപ്പുനഷ്ടപ്പെട്ട വിവരം പുറത്തുവന്നത്. രണ്ടുവർഷമായി അമരീന്ദറും സിദ്ധുവും സ്വരച്ചേർച്ചയിലല്ല. ഈ ലോക്സഭാ തിരഞ്ഞെടുപ്പോടെ പരസ്യപ്രസ്താവനകളിലൂടെ അത് മൂർച്ചിക്കുകയും ചെയ്തു.

തിരഞ്ഞെടുപ്പിനു തൊട്ടുമുമ്പുള്ള സിദ്ധുവിന്റെ ‘ഉത്തരവാദിത്വമില്ലാത്ത നടപടികൾ’ കോൺഗ്രസിനു ദോഷംചെയ്തെന്ന് കഴിഞ്ഞമാസം അമരീന്ദർ കുറ്റപ്പെടുത്തിയിരുന്നു. സിദ്ധുവിന്‌ മുഖ്യമന്ത്രിയാകാനുള്ള അത്യാഗ്രഹമാണെന്നും അദ്ദേഹം യഥാർഥ കോൺഗ്രസുകാരനല്ലെന്നും അമരീന്ദർ വിമർശിച്ചിരുന്നു.

എന്നാൽ, കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയാണ് തന്റെ ക്യാപ്റ്റനെന്നും അമരീന്ദറിനെ കാര്യമാക്കുന്നില്ലെന്നുമായിരുന്നു ഇതിന്‌ സിദ്ധുവിന്റെ മറുപടി.

Content Highlights: Navjot Singh Sidhu, Punjab