ന്യൂഡല്‍ഹി: ദേശീയ ജലപാതകളുടെ വികസനത്തിന് കേന്ദ്ര റോഡ് ഫണ്ടില്‍നിന്ന് രണ്ടരശതമാനം തുക അനുവദിക്കും. ഇതിനായി രണ്ടായിരത്തിലെ 'സെന്‍ട്രല്‍ റോഡ് ഫണ്ട് നിയമം' ഭേദഗതിചെയ്യും. ഭേദഗതിബില്‍ മന്ത്രി നിതില്‍ ഗഡ്കരി തിങ്കളാഴ്ച ലോക്‌സഭയില്‍ അവതരിപ്പിച്ചു. പെട്രോളിനും ഡീസലിനും പ്രത്യേക സെസ് ചുമത്തിയാണ് റോഡ്ഫണ്ടില്‍ ധനസമാഹരണം നടത്തുന്നത്.

2016- ലെ ദേശീയ ജലപാതനിയമം പാസാക്കിയതോടെ രാജ്യത്ത് ദേശീയ ജലപാതകളുടെ എണ്ണം 111 ആയി. ദേശീയ ജലപാതകളുമായി ബന്ധപ്പെട്ട അടിസ്ഥാനസൗകര്യവികസനത്തിന് സഹായധനം നല്‍കേണ്ടത് ആവശ്യമാണെന്ന് മന്ത്രി പറഞ്ഞു.
 
ജെട്ടികള്‍, ടെര്‍മിനലുകള്‍, നാവിഗേഷന്‍ ചാനലുകള്‍ എന്നിവയുടെ വികസനം ആവശ്യമാണ്. ബജറ്റ് വിഹിതത്തിനുപുറമേ സ്ഥിരമായ സഹായധനം ഇതിനുവേണ്ടിവരും. ഈ പശ്ചാത്തലത്തിലാണ് റോഡ്ഫണ്ടില്‍നിന്ന് രണ്ടരശതമാനം തുക നീക്കിവെക്കാന്‍ ബില്ലില്‍ നിര്‍ദേശമുള്ളത്.

കേരളത്തില്‍ ദേശീയ ജലപാതകളുടെ വികസനത്തിന് പ്രത്യേക കമ്പനി രൂപവത്കരിക്കാന്‍ സര്‍ക്കാര്‍ ഈയിടെ തീരുമാനിച്ചിരുന്നു.

ദേശീയപാതകള്‍, ഗ്രാമീണറോഡുകള്‍, സംസ്ഥാനപാതകള്‍, റെയില്‍വേ മേല്‍പ്പാലങ്ങള്‍, കീഴ് പാതകള്‍ തുടങ്ങിയവയ്ക്കാണ് നിലവില്‍ റോഡ് ഫണ്ടില്‍നിന്ന് തുകയനുവദിക്കുന്നത്.

പുതിയ നിര്‍ദേശമനുസരിച്ച് ഫണ്ടില്‍നിന്ന് 39 ശതമാനം തുക ദേശീയപാതകള്‍ക്കും 33.5 ശതമാനം ഗ്രാമീണറോഡുകള്‍ക്കും 14 ശതമാനം തുക റെയില്‍വേയുമായി ബന്ധപ്പെട്ട റോഡുപണികള്‍ക്കും അനുവദിക്കും. 10 ശതമാനം സംസ്ഥാനപാതകള്‍ക്കും പ്രധാനപ്പെട്ട അന്തസ്സംസ്ഥാന പാതകള്‍ക്കും നല്‍കും. രണ്ടരശതമാനം ദേശീയ ജലപാതകള്‍ക്കും ഒരുശതമാനം അതിര്‍ത്തിയിലെ റോഡുകളുടെ അറ്റകുറ്റപ്പണികള്‍ക്കും നീക്കിവെക്കും.