ന്യൂഡൽഹി: രാജ്യത്തെ അടിസ്ഥാനവികസന പദ്ധതികൾക്ക് ശക്തിയും വേഗവും പകരാനായി 100 ലക്ഷം കോടി രൂപയുടെ ‘ഗതിശക്തി ദേശീയ മാസ്റ്റർ പ്ലാൻ’ പ്രധാനമന്ത്രി നരേന്ദ്ര മോദി ബുധനാഴ്ച ഉദ്ഘാടനം ചെയ്തു. ബന്ധപ്പെട്ട വിവിധ വകുപ്പുകളെ ഒറ്റ പ്ലാറ്റ്‌ഫോമിലാക്കിക്കൊണ്ട് ചെലവും സമയവും കുറയ്ക്കാൻ സഹായിക്കുന്നതാണ് പദ്ധതിയെന്ന് പ്രധാനമന്ത്രി പറഞ്ഞു.

വികസനപ്രവർത്തനങ്ങളോട് അയഞ്ഞ സമീപനം കാണിക്കുന്നതിനാൽ നികുതിദായകന്റെ പണത്തെ അവഹേളിക്കുന്ന സാഹചര്യമാണ് മുമ്പുണ്ടായിരുന്നതെന്ന് പ്രധാനമന്ത്രി കുറ്റപ്പെടുത്തി. പദ്ധതികൾ തമ്മിൽ പരസ്പര സഹകരണമുണ്ടായിരുന്നില്ല. മികച്ചനിലവാരമുള്ള അടിസ്ഥാന സൗകര്യങ്ങളില്ലാതെ വികസനം സാധ്യമല്ല. ഈ സാഹചര്യത്തിലാണ് റോഡ്മുതൽ റെയിൽവേ വരെയും കൃഷിമുതൽ വ്യോമയാനംവരെയുമുള്ള മേഖലകളെ ബന്ധിപ്പിച്ചുകൊണ്ട് ഗതിശക്തി പദ്ധതി നടപ്പാക്കുന്നത്.

രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉത്‌പാദനത്തിന്റെ (ജി.ഡി.പി.) 13 ശതമാനവും സാധന-സേവനങ്ങൾ എത്തിക്കുന്നതിനുള്ള ചെലവാണ്. ഇത് നമ്മുടെ മത്സരക്ഷമതയെ ബാധിക്കുന്നുണ്ട്. അതിനാൽ ഈ ചെലവ് കുറയ്ക്കുകയാണ് ഗതിശക്തി പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. അടുത്ത നാലഞ്ച് വർഷത്തിനുള്ളിൽ 200 വിമാനത്താവളങ്ങളും ഹെലിപാഡുകളും ജല എയ്‌റോഡ്രോമുകളും നിർമിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

സമയബന്ധിതമായി പദ്ധതികൾ പൂർത്തിയാക്കുന്ന സംസ്കാരം നമ്മൾ വികസിപ്പിച്ചെടുത്തുവെന്നുമാത്രമല്ല, ഇപ്പോൾ മുൻനിശ്ചയിച്ചതിനെക്കാൾ നേരത്തേ പൂർത്തിയാക്കാനും തുടങ്ങി -മോദി പറഞ്ഞു.

bbനേട്ടങ്ങളെണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി

bb2014-ൽ പ്രധാനമന്ത്രിയായി ചുമതലയേറ്റതിനു ശേഷം, നേരത്തേ മുടങ്ങിപ്പോയ നൂറുകണക്കിന് പദ്ധതികളെ ഒറ്റ പ്ലാറ്റ്‌ഫോമിലേക്ക് കൊണ്ടുവന്ന് പ്രതിസന്ധികൾ പരിഹരിച്ചകാര്യം നരേന്ദ്ര മോദി ചൂണ്ടിക്കാട്ടി. 2014 വരെ 15,000 കിലോമീറ്റർ മാത്രമാണ് പൈപ്പ് ലൈൻ സ്ഥാപിച്ചതെങ്കിൽ ഇന്ന് 16,000-ത്തിലധികം കിലോമീറ്റർ പുതുതായി സ്ഥാപിക്കാനുള്ള പ്രവൃത്തി നടക്കുകയാണ്.

2014-നുമുമ്പ് അഞ്ചുവർഷ കാലയളവിൽ വെറും 1900 കിലോമീറ്റർ റെയിൽ പാതകളാണ് ഇരട്ടിപ്പിച്ചത്. എന്നാൽ, കഴിഞ്ഞ ഏഴു വർഷത്തിനുള്ളിൽ 9000 കിലോമീറ്റർ പാത ഇരട്ടിപ്പിച്ചു. 2014-നുമുമ്പ് അഞ്ചുവർഷ കാലയളവിൽ 3000 കിലോമീറ്റർ റെയിൽവേ ട്രാക്കുകൾ മാത്രം വൈദ്യുതീകരിച്ച സ്ഥാനത്ത് കഴിഞ്ഞ ഏഴു വർഷത്തിനുള്ളിൽ 24,000 കിലോമീറ്ററുകൾ വൈദ്യുതീകരിച്ചു. 2014-നുമുമ്പ് 250 കിലോമീറ്റർ മാത്രമുണ്ടായിരുന്ന മെട്രോ റെയിൽ സേവനം ഇപ്പോൾ 700 കിലോമീറ്ററായി -പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.