ന്യൂഡൽഹി: അറുപത്തിയാറാം ദേശീയ ചലച്ചിത്രപുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ കാര്യമായ നേട്ടമില്ലാതെ മലയാളസിനിമ. മലയാളിയായ കീർത്തി സുരേഷാണ് മികച്ച നടി. തമിഴിലെ മുൻകാല നടി സാവിത്രിയുടെ ജീവിതത്തെ അടിസ്ഥാനമാക്കിയുള്ള തെലുഗുചിത്രമായ ‘മഹാനടി’യിലെ അഭിനയത്തിനാണു പുരസ്കാരം. വിക്കി കൗശൽ (ഉറി: ദ സർജിക്കൽ സ്ട്രൈക്ക്), ആയുഷ്മാൻ ഖുറാന (അന്ധാദുൻ) എന്നിവർ നടനുള്ള പുരസ്കാരം പങ്കിട്ടു.
കഴിഞ്ഞമാസം അന്തരിച്ച എം.ജെ. രാധാകൃഷ്ണനാണു ഛായാഗ്രാഹകൻ. ഷാജി എൻ. കരുണിന്റെ ‘ഓള്’ എന്ന ചിത്രമാണ് അദ്ദേഹത്തിന് പുരസ്കാരം നേടിക്കൊടുത്തത്. ജോജു ജോർജ് (ജോസഫ്), സാവിത്രി (സുഡാനി ഫ്രം നൈജീരിയ) എന്നിവർ അഭിനയമികവിനു പ്രത്യേകപരാമർശം നേടി. ‘സുഡാനി ഫ്രം നൈജീരിയ’യാണ് മലയാളത്തിലെ മികച്ച ചിത്രം.
എസ്. ജയചന്ദ്രൻ നായരുടെ ‘മൗനപ്രാർഥനപോലെ’ എന്ന പുസ്തകത്തിനു മികച്ച ചലച്ചിത്രഗ്രന്ഥത്തിനുള്ള പുരസ്കാരം ലഭിച്ചു. എം.ആർ. രാജാകൃഷ്ണനാണ് (രംഗസ്ഥലം-തെലുഗു) മികച്ച റീ-റെക്കോഡിസ്റ്റ്. അന്തരിച്ച സംഗീതജ്ഞൻ എം.ജി. രാധാകൃഷ്ണന്റെ മകനാണ് ഇദ്ദേഹം.
ഗുജറാത്തി ചിത്രമായ ‘ഹെല്ലാരോ’യാണ് മികച്ച ചിത്രം. ‘ഉറി’യുടെ സംവിധായകൻ ആദിത്യ ധറാണ് മികച്ച സംവിധായകൻ. 2016-ൽ പാകിസ്താൻ ഭീകരർ ജമ്മുകശ്മീരിലെ ഉറി സേനാതാവളത്തിൽ നടത്തിയ ആക്രമണത്തിന് ഇന്ത്യ നൽകിയ തിരിച്ചടിയാണ് സിനിമയുടെ ഇതിവൃത്തം.